പേഴ്‌സണൽ സ്റ്റാഫിനെതിരായ കൈക്കൂലി പരാതി പൊലീസിന് കൈമാറാതെ ആരോഗ്യമന്ത്രിയുടെ ഓഫീസ്; തെളിവുകൾ പുറത്തു വിട്ട് പരാതിക്കാരൻ; ഇടനിലക്കാരന്‍ അഖിൽ സജീവ് സ്ഥിരം തട്ടിപ്പുകാരനാണെന്ന് വെളിപ്പെടുത്തൽ

പേഴ്‌സണൽ സ്റ്റാഫിനെതിരായ കൈക്കൂലി പരാതി പൊലീസിന് കൈമാറാതെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസ്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യു പണം വാങ്ങിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ പരാതിയിൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. ഹരിദാസന് പരാതി ഉണ്ടെങ്കിൽ അദേഹം പൊലീസിനെ സമീപിക്കട്ടെ എന്നാണ് മന്ത്രിയുടെ ഓഫീസിന്റെ നിലപാട്.

കഴിഞ്ഞ ഓഗസ്റ്റ് 17 ന് മന്ത്രിയുടെ ഓഫീസിലെത്തി പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ളവരെ കണ്ട് പരാതി അറിയിച്ചുവെന്നാണ് ഹരിദാസ് പറയുന്നത്. മന്ത്രിയുടെ ഓഫീസിലെത്തിയതിന്റെ ദൃശ്യങ്ങളും അഖിൽ മാത്യുവിന് മുന്നറിയിപ്പ് നൽകികൊണ്ടുള്ള എസ്എംഎസ് സന്ദേശവും ഹരിദാസ് തെളിവായി നിരത്തുന്നുണ്ട്. ഇതുകൂടാതെ ഈ മാസം 13 ന് തപാൽ മാർഗവും പരാതി മന്ത്രിയുടെ ഓഫിസിൽ എത്തിച്ചിട്ടുണ്ടെന്ന് ഹരിദാസ് പറയുന്നു.

അതേസമയം വിവാദ സംഭവത്തിൽ ഇടനില നിന്നെന്ന് ആരോപിക്കപ്പെടുന്ന അഖിൽ സജീവിനെതിരെ പരാതിയുമായി നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. അഖിൽ സജീവ് സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന് സിഐടിയു പത്തനംതിട്ട ജില്ലാ നേതൃത്വം ആണ് പരാതി നൽകിയത്. പത്തനംതിട്ട പൊലീസ് 2022 ജൂലൈയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതുവരെ ഈ കേസിൽ ഇയാളെ പിടികൂടാനായിട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരിലും അഖിൽ സജീവ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ ഉണ്ടായിട്ടുണ്ട്. നോർക്ക റൂട്ടിൽ തന്റെ ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടിയതെന്നും അഭിഭാഷകൻ പറഞ്ഞു. പിന്നീട് സിപിഎം ഇടപെട്ട് പണം തിരികെ നൽകിയെന്നും തന്റെ പരാതിയെ തുടർന്നാണ് അഖിലിനെതിരെ സിപിഎം നടപടി എടുത്തതെന്നും ശ്രീകാന്ത് വ്യക്തമാക്കി.