ബ്രഹ്‌മപുരം: മേയര്‍ രാജി വെയ്ക്കണം, ഡി.സി.സിയുടെ കോര്‍പ്പറേഷന്‍ ഉപരോധത്തില്‍ സംഘര്‍ഷം

ബ്രഹ്‌മപുരം തീപിടുത്ത വിഷയത്തില്‍ കൊച്ചി മേയര്‍ എം. അനില്‍കുമാറിന്റെ രാജി ആവശ്യപ്പെട്ടും അഴിമതിയില്‍ നടപടിയാവശ്യപ്പെട്ടും ഡിസിസി നടത്തുന്ന കോര്‍പറേഷന്‍ ഉപരോധത്തില്‍ സംഘര്‍ഷം. രാവിലെ അഞ്ചിന് ആരംഭിച്ച ഉപരോധത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായതോടെയാണ് സംഭവം.

പൊലീസ് അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന് ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആരോപിച്ചു. 15 ദിവസമായിട്ടും ഒരാളെ പോലും പ്രതി ചേര്‍ത്തിട്ടില്ല. ഇതുവരെ കരാര്‍ കമ്പനിയെയോ മേയറേയോ കോര്‍പറേഷന്‍ സെക്രട്ടറിയേയോ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറേയോ ഒന്നും പ്രതി ചേര്‍ത്തിട്ടില്ല. അപ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കാനും അഴിമതിക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കോണ്‍ഗ്രസുകാരെ തല്ലാനുമാണ് പൊലീസ് വന്നിരിക്കുന്നത്.

എത്ര പൊലീസിറങ്ങിയാലും കോര്‍പറേഷനിലേക്ക് ഒരാളെ പോലും കയറ്റിവിടില്ലെന്നും ഷിയാസ് പറഞ്ഞു. ഇത് ജനരോഷമാണ്. എറണാകുളം പട്ടണത്തിലെയും പരിസരപ്രദേശങ്ങളിലേയും ജനങ്ങളുടെ ആവശ്യമാണ് തങ്ങള്‍ നിറവേറ്റുന്നത്. മേയര്‍ രാജി വെക്കുംവരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് കോര്‍പറേഷന്‍ ഓഫീസിന് മുന്നിലുണ്ടാകും.

പൊലീസ് മനഃപൂര്‍വം പ്രശ്നങ്ങളുണ്ടാക്കുന്നു. വരുന്ന ആളുകളോട് അസി. കമ്മീഷണര്‍ വളരെ മോശമായി സംസാരിക്കുന്നു. അദ്ദേഹം യൂണീഫോം ഊരിവച്ച് ലോക്കല്‍കമ്മിറ്റി ഓഫീസിലോ ഏരിയ കമ്മിറ്റി പോയി ചാര്‍ജെടുക്കണം. പൊലീസ് സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നു. മുഹമ്മദ് ഷിയാസ് കൂട്ടിച്ചേര്‍ത്തു.