ബ്രഹ്‌മപുരം തീപിടുത്തം; പിഴ അയ്ക്കാന്‍ എട്ടാഴ്ച സാവകാശം നല്‍കി ഹൈക്കോടതി

ബ്രഹ്‌മപുരം തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴയടയ്ക്കാന്‍ എട്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി. ദേശീയ ഹരിത ട്രിബ്യൂണല്‍ പിഴ ചുമത്തിയതിനെതിരേ കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

എട്ടാഴ്ചയ്ക്കുള്ളില്‍ ഹര്‍ജിയില്‍ തീരുമാനം എടുക്കുമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന കേസ് അടക്കമാണ് കോടതി പരിഗണിച്ചത്. നഗരത്തില്‍ റോഡരികിലാകെ മാലിന്യം നിക്ഷേപിക്കുകയാണെന്നും ഇതുപോലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കോടതി നിര്‍ദേശിച്ചു.

‘പ്ലാസ്റ്റിക് ശേഖരിക്കാന്‍ വൈകുന്നതിനാല്‍ നഗര റോഡുകള്‍ ബ്രഹ്‌മപുരത്തിന് തുല്യമാകുകയാണ്. കളക്ടറുടെയും തന്റെയും വീടിന് 100 മീറ്ററിന് അപ്പുറവും റോഡില്‍ മാലിന്യം വലിയ തോതില്‍ തള്ളിയിട്ടുണ്ട്. മാലിന്യം തള്ളുന്ന കാര്യത്തില്‍ പരാതി നല്‍കാന്‍ ഒരു വാട്സ്ആപ്പ് നമ്പര്‍ നല്‍കിയാല്‍ അത് ഹാങ് ആകുന്ന അവസ്ഥയാണ്’, കോടതി വ്യക്തമാക്കി.

തദ്ദേശ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശാരദ മുരളീധരന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എബി പ്രദീപ് കുമാര്‍, ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ്, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ബാബു അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ കോടതിയില്‍ ഹാജരായിരുന്നു.