സോണ്‍ട ഇന്‍ഫ്രാടെക്കിന് എങ്ങനെ കരാര്‍ ലഭിച്ചു? സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

ബ്രഹ്‌മപുരം തീപിടിത്തവും സോണ്‍ട ഇന്‍ഫ്രാടെക് കമ്പനിക്ക് കരാര്‍ ലഭിച്ചതിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം സ്വീകര്യമല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

സോണ്‍ട ഇന്‍ഫ്രാടെക്കിന് കരാര്‍ നല്‍കിയതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലില്‍ അടക്കം അന്വേഷിക്കണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഹൈക്കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

സിബിഐ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി ബ്രഹ്‌മപുരം വിവാദത്തില്‍ നിന്നും ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. സോണ്‍ട കമ്പനിക്ക് എങ്ങനെ കരാര്‍ കിട്ടിയെന്ന ചോദ്യവും സതീശന്‍ മുഖ്യമന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട്.

പ്രളയത്തിന് ശേഷം നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിച്ച മുഖ്യമന്ത്രി സോണ്‍ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ, സോണ്‍ട ഉപകരാര്‍ നല്‍കിയത് സര്‍ക്കാര്‍ അറിഞ്ഞോ, കരാറിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയോ എന്നീ ചോദ്യങ്ങളും വി.ഡി സതീശന്‍ ചോദിക്കുന്നുണ്ട്.