പുല്‍വാമ വനത്തിനുള്ളില്‍ പാലക്കാട് സ്വദേശിയുടെ മൃതദേഹം; പത്ത് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ്; ബംഗളൂരുവില്‍ ജോലിക്ക് പോയ യുവാവിന്റെ മരണത്തില്‍ അടിമുടി ദുരൂഹത

ജമ്മു കശ്മീരിലെ പുല്‍വാമ വനത്തിനുള്ളില്‍ നിന്ന് മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് പുല്‍വാമയിലെ വനത്തില്‍ നിന്ന് കണ്ടെത്തിയത്. കാഞ്ഞിരപ്പുഴ കരുവാന്‍തൊടിയിലുള്ള മുഹമ്മദ് ഷാനിബിനെ ആണ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

28 വയസുകാരനാണ് ഷാനിബ്. ബംഗളൂരുവില്‍ വയറിംഗ് ജോലികള്‍ ചെയ്തുവരികയായിരുന്നു മുഹമ്മദ് ഷാനിബ്. ചൊവ്വാഴ്ച രാത്രിയാണ് ഷാനിബിന്റെ മൃതദേഹം കണ്ടെത്തിയതായി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് കുടുംബത്തെ അറിയിച്ചത്. അതേസമയം ബംഗളൂരുവില്‍ ജാലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഷാനിബ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ബംഗളൂരുവിലേക്കെന്ന് പറഞ്ഞ് പോയ ഷാനിബ് എങ്ങനെ പുല്‍വാമയിലെത്തി എന്നത് ഉള്‍പ്പെടെ ഇനിയും അജ്ഞാതമാണ്. ഷാനിബിന്റെ ബന്ധുക്കളോട് പുല്‍വാമയിലെത്താന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഷാനിബിന്റെ മരണത്തിന് പഹല്‍ഗാം ഭീകരാക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതുള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 22ന് ആയിരുന്നു പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം നടന്നത്. 26 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Read more

കൊച്ചി ഇടപ്പള്ളി സ്വദേശിയായ മലയാളിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഷാനിബിന്റെ മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. അങ്ങനെയെങ്കില്‍ ഭീകരാക്രമണത്തിന് ശേഷമാകാം ഷാനിബ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.