ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടില്‍ ആദ്യത്തെ ജാഗ്രത നിർദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടർന്നാണ് ആദ്യ ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. നിലവിലെ റൂൾ കർവ് അനുസരിച്ച് 2390.86 ആണ് ബ്ലൂ അലർട് ലവൽ. പകൽ സമയത്ത് മണിക്കൂറിൽ 0.02 അടി വീതമാണ് ജലനിരപ്പ് ഉയർന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയർന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുകയാണ്. വയനാട് , കോഴിക്കോട് ഒഴികെ ജില്ലകളിൽ യെല്ലോ അലേർട്ടും ഉണ്ട്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ.

അറബിക്കടലില്‍ ലക്ഷദ്വീപിനോടു ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമർദം കേരള തീരം ലക്ഷ്യമാക്കി നീങ്ങാൻ സാധ്യതയുണ്ട്. ഇത് 24 മണിക്കൂറിനുള്ളില്‍ കേരള തീരത്തുകൂടെ കരയിലേക്കു പ്രവേശിക്കും. 16ാം തീയതിയോടെ ഇവ രണ്ടും ഒരേ നേര്‍രേഖയിലെത്തുന്നതോടെ മഴ രാജ്യത്തിന്റെ മധ്യഭാഗത്തേക്ക് മാറിയേക്കുമെന്നാണ് വിലയിരുത്തല്‍.

കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത തുടരുകയാണ്. നാളെ വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. 18 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലിൽ പോകുന്നതിന് വിലക്ക് തുടരുകയാണ്. കോഴിക്കോട് ജില്ലയിൽ മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.