കണ്ണൂരിലെ ബിഎൽഒയുടെ മരണം ദൗർഭാഗ്യകരമെന്ന് സിപിഎം മുതിർന്ന നേതാവ് എംവി ജയരാജൻ. അനീഷ് കടുത്ത ജോലി സമ്മർദ്ദത്തിലായിരുന്നുവെന്ന് എംവി ജയരാജൻ പറഞ്ഞു. ഒരാൾ രണ്ട് ജോലി ചെയ്യേണ്ടിവരുന്നുവെന്നും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സമയം നീട്ടണമെന്നും എംവി ജയരാജൻ പറഞ്ഞു.
കേരളത്തിൽ എസ്ഐആർ നടപ്പിലാക്കാൻ സമയം വേണമെന്ന് ബിജെപി ഉൾപ്പടെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ഏകപക്ഷീയമായ നടപടിയാണ്. ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ നേരിടുന്നത് കടുത്ത സമ്മർദ്ദമാണെന്നും എംവി ജയരാജൻ പറഞ്ഞു.നടപടിക്രമങ്ങളിൽ വ്യക്തതയുണ്ടാക്കണം. തിരഞ്ഞെടുപ്പ് കമ്മീഷൻ പുനരാലോചന നടത്തണം. ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും എംവി ജയരാജൻ പറഞ്ഞു.
പയ്യന്നൂർ ഏറ്റുകുടുക്ക സ്വദേശി അനീഷ് ആണ് മരിച്ചത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്ന് രാവിലെ 11മണിയോടെയാണ് അന്നെഷിനെ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായി അനീഷ് ജോലി ചെയ്യുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് ജോലിയുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.







