മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; കൊച്ചിയില്‍ കറുത്ത വസ്ത്രമിട്ട ട്രാന്‍സ്ജെന്‍ഡറുകള്‍ കസ്റ്റഡിയില്‍

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടന്ന കലൂര്‍ മെട്രോ സ്‌റ്റേഷനില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്‌ജെന്‍ഡറുളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെട്രോയില്‍ കയറാനെത്തിയ ട്രാന്‍സ്ജെന്‍ഡറുകളെ പൊലീസ് വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുത്ത മാസ്‌കും വിലക്കി.

അഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ് കലൂരിലെ പൊലീസ് വിന്യാസം. കോട്ടയത്ത് നിന്ന് മുഖ്യമന്ത്രി സഞ്ചരിച്ച പാതയില്‍ എല്ലായിടത്തും പൊലീസ് കാവല്‍ നിന്നു. തൃപ്പൂണിത്തുറയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു.

മുഖ്യമന്ത്രി വിശ്രമിച്ച എറണാകുളം ഗസ്റ്റ് ഹൗസില്‍ ഡി.സി.പിയുടെ നേതൃത്വത്തിലായിരുന്നു കാവല്‍ ഒരുക്കിയത്. കലൂരിലും, ചെല്ലാനത്തുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ ഉള്ളത്.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ പതിവിലും കൂടുതലായി വര്‍ധിപ്പിച്ചത്. ഏറ്റവും കുറഞ്ഞത് 40 പൊലീസുകാരുടെയെങ്കിലും അകമ്പടിയോടെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ യാത്ര.