കോര്‍ കമ്മറ്റിയോഗത്തിലും തീരുമാനമായില്ല; ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്വം നേരിട്ട് തീരുമാനിക്കാന്‍ സാധ്യത

ശ്രീധരന്‍പിള്ള സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഉഴിഞ്ഞിട്ട് ഒരുമാസം പൂര്‍ത്തിയായിട്ടും പുതിയ പ്രസിഡന്റിനെ കണ്ടാത്താനാകെ ബി.ജെ.പി നേതൃത്വം വലയുന്നു. ഞായറാഴ്ച ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മറ്റി യോഗത്തിലും സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ സമവായമായില്ല. ഇതോടെ കേന്ദ്ര നേതൃത്വം ഇടപെട്ട് അധ്യക്ഷനെ തീരുമാനിക്കാനാണ് സാധ്യത.

ഡിസംബര്‍ പതിനഞ്ചോടെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുമെന്നാണ് നേരത്തെ കേന്ദ്രനേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ സമവായമുണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്രനേതൃത്വം ജി.വി.എല്‍ നരസിംഹറെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘത്തെ കൂടി അയക്കും.

വിഷയത്തില്‍ ആര്‍.എസ്.എസിന്റെ അഭിപ്രായം കൂടി കേന്ദ്ര നേതൃത്വം ആരായുമെന്ന് ദേശീയ സംഘടനാകാര്യ സെക്രട്ടറി ഡി.എല്‍. സന്തോഷ് അറിയിച്ചു. കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് ഇന്നു ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നുവന്നത്.

സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന നിലപാടാണ് മുരളീധരപക്ഷം സ്വീകരിച്ചിരിക്കുന്നത്. എം.ടി. രമേശിന്റെ പേരാണ് കൃഷ്ണദാസ് പക്ഷം മുന്നോട്ടുവെക്കുന്നത്. എ.എന്‍ രാധാകൃഷ്ണന്റെ പേരും ഈ പക്ഷം നിര്‍ദേശിക്കുന്നുണ്ട്. ഒ.രാജഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ശോഭ സുരേന്ദ്രന്റെ പേരും മുന്നോട്ടുവെക്കുന്നു.