ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണം ഏത് ജനാധിപത്യ രീതിയിലെന്ന് അവതാരക; നിശ്ശബ്ദനായിരിക്കാനാണ് താത്പര്യമെന്ന് ശിവശങ്കര്‍, ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി

ലക്ഷദ്വീപില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുൽ പട്ടേലിന്റെ  നിയമപരിഷ്കാരങ്ങളെ കുറിച്ചും പ്രതിഷേധങ്ങളെ കുറിച്ചും നടന്ന ചാനല്‍ ചര്‍ച്ചയില്‍ നിന്നും ബി.ജെ.പി നേതാവ് പി.ആര്‍ ശിവശങ്കര്‍ ഇറങ്ങിപ്പോയി. മനോരമ ന്യൂസിന്റെ “കൗണ്ടര്‍ പോയിൻറിൽ നിന്നും ചര്‍ച്ച തുടങ്ങി 44 മിനിറ്റിന് ശേഷമായിരുന്നു ശിവശങ്കർ ഇറങ്ങി പോയത്.

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ നിലവിലെ ഭരണം ഏത് ജനാധിപത്യരീതിയിലാണെന്നും പ്രാദേശികമായുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരം അഡ്മിനിസ്‌ട്രേറ്ററിലേക്ക് ചുരുക്കുന്നത് എങ്ങിനെയാണെന്നും അവതാരക പി.ആര്‍ ശിവശങ്കറിനോട് ചോദ്യം ചോദിച്ചു. എന്നാൽ പി.ആര്‍ ശിവശങ്കറിൻറെ മറുപടി തനിക്ക് എത്രസമയം കിട്ടുമെന്നായിരുന്നു.  ചാനല്‍ ചര്‍ച്ചയിലും ജനാധിപത്യ മര്യാദ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും എത്രസമയം കിട്ടുമെന്ന്  അറിഞ്ഞാല്‍ ഉത്തരം രൂപപ്പെടുത്താന്‍ സാധിക്കുമെന്നും ഉത്തരത്തിനിടെ കയറി ഇടപെടുമല്ലോയെന്നും പി.ആര്‍ ശിവശങ്കര്‍ പറഞ്ഞു.

താങ്കള്‍ക്ക് മറുപടി പറയാമെന്നും  സിനിമക്കാര്‍ക്ക് അഭിപ്രായം പറയാന്‍ എന്തവകാശം, തോറ്റ എം.എല്‍.എമാര്‍ അഭിപ്രായം പറയാന്‍ പാടില്ല തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തിയാല്‍ മാത്രമേ ഇടപെടുകയുള്ളുവെന്നും അവതാരക ഷാനി പ്രഭാകരന്‍ പറഞ്ഞു. ഇതിന് മറുപടിയായും ശിവശങ്കര്‍  തനിക്ക് എത്ര സമയം കിട്ടുമെന്നായിരുന്നു ചോദിച്ചത്.

ലക്ഷദ്വീപിലെ ജനങ്ങളും സമാനമായ ജനാധിപത്യ അവകാശമാണ് പറഞ്ഞു കൊണ്ടേയിരിക്കുന്നതെന്ന് താങ്കള്‍ മനസിലാക്കുന്നുണ്ടോയെന്ന് അവതാരകയും തിരിച്ചു ചോദിച്ചു.

ഇതിന് ഈ ചര്‍ച്ചയ്ക്ക് അബ്ദുള്ളക്കുട്ടിയെ പോലെ ഉള്ളവരെ വിളിച്ച് വരുത്തണമായിരുന്നെന്നും വീണ്ടും തനിക്ക് എത്ര സമയം കിട്ടുമെന്ന് ശിവശങ്കര്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ സമയത്തിന്റെ കാര്യത്തില്‍ ഉറപ്പിച്ച ഒരു വാഗ്ദാനം നല്‍കാനാവില്ലെന്ന് അവതാരക ഷാനി പറഞ്ഞു.

ഇതോടെ ‘എനിക്ക് എന്നാ നിശ്ശബ്ദനായിരിക്കാനാണ് താത്പര്യം’ എന്ന് ശിവശങ്കര്‍ പറയുകയായിരുന്നു. തുടര്‍ന്ന് ഷാനി ഇടവേളയിലേക്ക് പോകുകയായിരുന്നു. പിന്നീട് ചര്‍ച്ച തുടങ്ങിയപ്പോള്‍ പി.ആര്‍ ശിവശങ്കര്‍ ചര്‍ച്ചയില്‍ ഉണ്ടായിരുന്നില്ല.