'നാര്‍ക്കോട്ടിക് ജിഹാദ്' എതെങ്കിലും മതത്തിന്റെ തലയില്‍ ചാര്‍ത്തരുത്; വിവാദങ്ങള്‍ മതങ്ങള്‍ തമ്മില്‍ അകലാന്‍ ഇടയാക്കുന്നത് അപകടമെന്ന് സി.കെ പത്മനാഭന്‍

പാലാ ബിഷപ്പിൻറെ വിവാദ പരാമർഷത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സികെ പത്മനാഭന്‍. വിവാദങ്ങള്‍ മതങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കുന്ന തരത്തിലേക്ക് നീങ്ങുന്നത് അപകടമാണെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂരിലെ പാര്‍ട്ടി ഓഫീസില്‍ എത്തിയതായിരുന്നു അദ്ദേഹം.

നാര്‍കോട്ടിക്ക് മാഫിയ കേരളത്തില്‍ ശക്തമാണ്. അത് എതെങ്കിലും മത വിഭാഗത്തിന്റെ തലയില്‍ ചാര്‍ത്തുന്നത് ശരിയല്ല. വാക്കുകള്‍ക്ക് അപ്പുറം ബിഷപ്പ് എന്തെങ്കിലും ഉദ്ദേശിച്ചോ എന്ന് പോലും കരുതാനാവില്ല. വിഷയത്തില്‍ വിവാദങ്ങള്‍ അസ്ഥാനത്താണ്. ജിഹാദ് എന്ന വാക്കിന് പോലും മറ്റ് അര്‍ത്ഥങ്ങളുണ്ടെന്നാണ് പണ്ഡിതന്‍മാര്‍ പറയുന്നത്. നേരത്തെ ധരിച്ച് വെച്ചതൊന്നും ആവണമെന്നില്ല. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കരുതലോടെ വേണമെന്നും അദ്ദേഹം പറഞ്ഞു.

മതപരിവര്‍ത്തനം കുറ്റകൃത്യമാണ്. വിവാദങ്ങള്‍ മതങ്ങള്‍ തമ്മില്‍ അകലാന്‍ ഇടയാക്കരുത്. സ്‌നേഹനിര്‍ഭരമായ അന്തരീക്ഷമാണ് കേരളത്തില്‍ മതവിഭാഗങ്ങള്‍ക്കിടയിലുള്ളത്. വിവാദങ്ങളുണ്ടാക്കി തീപൊരി വീഴ്ത്തരുത്. അതൊരു കാട്ടുതീയായി വളരാന്‍ ഇടയാക്കുമെന്നും സികെ പത്മനാഭന്‍ ചൂണ്ടിക്കാട്ടുന്നു.

Read more

നാര്‍ക്കോട്ടിക് ജിഹാദ് വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി പദ്ധതികളുമായി മുന്നോട്ട് പോവുന്നതിനിടെയാണ് സികെ പത്മനാഭന്‍ ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നത്.