'അഴിമതിയും, പണാധിപത്യവും'; ബി.ജെ.പി നേതാവ് എ.എം സന്തോഷ് കുമാര്‍ കേരളാ കോണ്‍ഗ്രസില്‍

കോട്ടയത്ത് ബിജെപി നേതാവ് എഎം സന്തോഷ് കുമാര്‍ കേരളാ കോണ്‍ഗ്രസ്(എം) ചേര്‍ന്നു. അഴിമതിയും, പണാധിപത്യവും നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനവും ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിക്കുന്നില്ലെന്ന് സന്തോഷ് കുമാര്‍ ആരോപിച്ചു.  ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 300 ഓളം ബിജെപി പ്രവര്‍ത്തകരും തനിക്കൊപ്പം പാര്‍ട്ടി വിടുമെന്നും സന്തോഷ് കുമാര്‍ വ്യക്തമാക്കി.

ആശയങ്ങളും ആദര്‍ശങ്ങളും കൈവിട്ട് പാര്‍ട്ടിയായി ബി.ജെ.പി മാറിയിരിക്കുന്നു. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ ട്രഷറര്‍ ആയിരുന്ന സയമത്ത് കോട്ടയം സന്ദര്‍ശിച്ചപ്പോള്‍ ഞാനും ഒപ്പം ഉണ്ടായിരുന്നു. യാത്രക്കിടയില്‍ ജോസ് കെ. മാണി ഒരു മികച്ച പാര്‍ലമെന്റേറിയന്‍ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. മാതൃകാപ രമായ വികസനമാണ് കോട്ടയം പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ നടത്തിയത് എന്നും അഭിപ്രായപ്പെട്ടുവെന്നും കേരളാ കോണ്‍ഗ്രസ് പ്രവേശനത്തില്‍ സന്തോഷ് കുമാര്‍ പ്രതികരിച്ചു.

ബി.ജെ.പി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖല സെക്രട്ടറി, ടെലകോം അഡൈ്വസറി മെമ്പര്‍, റബര്‍ ബോര്‍ഡ് മെമ്പര്‍, 25 വര്‍ഷമായി എന്‍.എസ്.എസ് പിഴക് കരയോഗം സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുള്ള ഞാന്‍ 35 വര്‍ഷമായി ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനാണ്. കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല തുടങ്ങിയവര്‍ പ്രതസമ്മേളനത്തില്‍ പങ്കെടുത്തു.