എസ്എഫ്‌ഐയുടെ ഗുണ്ടായിസം അനുവദിക്കില്ല; റാഗിംഗ് തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും; കായികമായി കൈകാര്യം ചെയ്യുമെന്ന് കെ സുരേന്ദ്രന്‍

കേരളത്തില്‍ പ്രാകൃതമായ റാഗിങ്ങിന് നേതൃത്വം നല്‍കുന്നത് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്ത് റാഗിംഗ് തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദ സംഘടനകളെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള സാമൂഹ്യവിരുദ്ധ സംഘടനയായി എസ്എഫ്‌ഐ മാറിയെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

അതിഭീകരമായ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് എസ്എഫ്‌ഐ നേതാക്കന്മാര്‍ കേരളത്തിലെ കലാലയങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ ദാരുണമായ കൊലപാതകത്തിന് ശേഷവും ഇത്തരം പ്രാകൃതമായ നടപടികള്‍ തുടരുന്നത് മുഖ്യമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഒത്താശയോടുകൂടിയാണ്. പോലീസിന്റെ സഹായത്തോടുകൂടിയാണ് കേരളത്തിലെ ക്യാമ്പസുകളില്‍ റാഗിംഗ് നടക്കുന്നത്.

റാഗിംഗ് കേസുകളിലെ പ്രതികള്‍ക്ക് പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കി കൊടുക്കുക, കേസുകളില്‍ നിന്നും ക്രിമിനലുകളെ രക്ഷപ്പെടുത്തുക തുടങ്ങിയ സമീപനമാണ് കേരള പോലീസ് നടത്തുന്നത്. പോലീസിന്റെ ഇത്തരം സമീപനം കൊണ്ടാണ് കേരളത്തില്‍ റാഗിംഗ് തുടരുന്നത്. സാമൂഹ്യവിരുദ്ധ സംഘടനയായ എസ്എഫ്‌ഐയുടെ ഗുണ്ടായിസം അനുവദിക്കില്ല. അവരെ ഒറ്റപ്പെടുത്താന്‍ കേരളത്തിലെ എല്ലാ ജനങ്ങളും ഒരുമിച്ചു വരണം എന്നാണ് ബിജെപിയുടെ അഭ്യര്‍ത്ഥനയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

റാഗിംഗ് ഭീഷണിക്ക് ഇരയാകുന്ന വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്ന നടപടികള്‍ ബിജെപി കൈക്കൊള്ളും. എല്ലാ ജില്ലകളിലും ആന്റി റാഗിംഗ് ഹെല്പ് ഡെസ്‌ക്കുകള്‍ പാര്‍ട്ടി ആരംഭിക്കും. കോട്ടയം ജില്ലയില്‍ ആദ്യത്തെ ഹെല്‍പ്പ് ഡെസ്‌ക് നിലവില്‍ വന്നു കഴിഞ്ഞു. സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി വലിയ പ്രതിരോധ സമരങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കും. മനുഷ്യത്വ വിരുദ്ധമായ റാഗിംഗ് പോലെയുള്ള കാടത്തരം തുടര്‍ന്നാല്‍ സാമൂഹ്യവിരുദ്ധരെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും കെ.സുരേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു.