തരൂരിന്റെ ഉറ്റബന്ധുക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നത് ബി.ജെ.പി എഴുതി തയ്യാറാക്കിയ നാടകം; ഞങ്ങള്‍ പണ്ടേ ബി.ജെ.പിക്കാരെന്ന് ബന്ധുക്കള്‍; വീണ്ടും വെട്ടിലായി ബി.ജെ.പി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പിച്ച നിലവിലെ എംപി ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നത് ബിജെപി എഴുതി തയ്യാറാക്കിയ നാടകം. ഇക്കാര്യം പറഞ്ഞ് ഏറെ കൊട്ടിഘോഷിച്ച് ബിജെപി നടത്തിയ അംഗത്വ വിതരണം എന്തിനായിരുന്നുവെന്നും തങ്ങള്‍ നേരത്തെ തന്നെ ബിജെപിയായിരുന്നുവെന്നും ശശി തരൂരിന്റെ ബന്ധുക്കള്‍ പറഞ്ഞതോടെ ബിജെപിയുടെ നാടകം പൊളിയുകയും പാര്‍ട്ടി വീണ്ടും പ്രതിരോധത്തിലവുകയും ചെയ്തു.

ശശി തരൂരിന്റെ മാതൃ സഹോദരി ശോഭന ഇവരുടെ ഭര്‍ത്താവ് ശശികുമാര്‍ തുടങ്ങി പത്ത് പേര്‍ക്കാണ് കൊച്ചിയില്‍ സ്വകാര്യ ഹോട്ടലില്‍ വലിയ ആഘോഷത്തോടെ നടത്തിയ ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള അംഗത്വം നല്‍കിയത്. എന്നാല്‍, തങ്ങള്‍ പണ്ടേ ബിജെപിക്കാരാണെന്നും ഇപ്പോള്‍ ഇങ്ങിനെയൊരു ചടങ്ങ് അറിയില്ലെന്നും അതേപറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും ശോഭന പറഞ്ഞു.
ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണെന്നും അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍മ്മസമിതി അംഗമായ പദ്മജയാണ് തങ്ങളെ ഈ വേദിയിലെത്തിച്ചതെന്നും തരൂരിന്റെ ബന്ധുക്കള്‍ പറയുന്നു. അതെ കുറിച്ച് പ്രതികരിക്കാനാകട്ടെ അവര്‍ തയ്യാറായില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരുരിന്റെ ഉറ്റ ബന്ധുക്കളായ പത്ത് പേര്‍ ബിജെപിയില്‍ ചേരുന്നു എന്നായിരുന്നു ബിജെപിയുടെ അവകാശവാദം.