മദ്യനയത്തിന് എതിരെ താമരശ്ശേരി ബിഷപ്പ്, ജനങ്ങൾ വോട്ട് ചെയ്തത് മദ്യം ഒഴുക്കാനല്ല

സര്‍ക്കാരിന്റെ പുതിയ മദ്യനയം അപലപനീയമാണെന്ന് താമശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. തുടര്‍ഭരണത്തിനായി ജനം വോട്ട് ചെയ്തത് മദ്യം സുലഭമാക്കാനല്ല. മദ്യപാനികളുടെ എണ്ണം കൂട്ടുന്ന നയമാണിതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരുടെ ദൗര്‍ബല്യത്തെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണ്. ഐടി പാര്‍ക്കുകളില്‍ മദ്യം അനുവദിക്കുന്നത് മദ്യപാനികളുടെ എണ്ണം വര്‍ധിപ്പിക്കും. പുതിയ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും താമരശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു.

പുതിയ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് നേരത്തെ കെസിബിസിയും അറിയിച്ചിരുന്നു. മദ്യാസക്തിയിലേക്ക് ജനങ്ങളെ തള്ളിവിടുന്ന സംസ്‌കാരത്തെ നവോത്ഥാനം എന്ന് എങ്ങനെ വിളിക്കാന്‍ കഴിയും. സംസ്ഥാനം നിക്ഷേപ സൗഹൃദമാക്കാന്‍ കുടിയന്മാരെ സൃഷ്ടിക്കുക എന്നത് ബാലിശമായ ചിന്താഗതിയാണ്. കേരളത്തെ മദ്യഭ്രാന്താലയമാക്കരുത്. മദ്യനയത്തില്‍ മാറ്റം വരുത്തണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടിരുന്നു.

മദ്യനയത്തില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെസിബിസി വ്യക്തമാക്കി. പുതിയ മദ്യനയ പ്രകാരം ഐടി പാര്‍ക്കുകളില്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കാന്‍ ലൈസന്‍സ് അനുവദിക്കും. ബ്രുവറി ലൈസന്‍സും നല്‍കും. പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.