കോട്ടയത്ത് പക്ഷിപ്പനി; മൂന്നിടങ്ങളില്‍ രോ​ഗം സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

വിവിധയിടങ്ങളില്‍ രണ്ടാഴ്ചയായി പക്ഷിപ്പനി ലക്ഷണങ്ങളോടെ താറാവുകളും മറ്റു വളര്‍ത്തു പക്ഷികളും ചത്തിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ഷകര്‍ മൃഗസംരക്ഷണ വകുപ്പിനേയും ജില്ലാ ഭരണകൂടത്തേയും അറിയിച്ചിരുന്നു. തുടര്‍ന്ന് അയച്ച സാമ്പിളുടെ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ തുടര്‍നടപടി എടുക്കുന്നതിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ഉദ്യോഗസ്ഥരുടേയും അടിയന്തിര യോഗം വിളിച്ചു.

നേരത്തെ ആലപ്പുഴ ജില്ലയിലെ ചില ഭാഗങ്ങളിലും താറാവുകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തകഴി പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് താറാവുകളെയും പക്ഷികളെയും കൊന്നു നശിപ്പിച്ചിരുന്നു.