പക്ഷിപ്പനി: ആലപ്പുഴ ജില്ലയിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്; വൈറസിന് ജനിതകവ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരാൻ സാധ്യത

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനിയിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാൻ ആരോഗ്യവകുപ്പ്
ജില്ലയിൽ ജാഗ്രത ശക്തമാക്കി. ജില്ലയിൽ ഈ സീസണിൽ ആദ്യം പക്ഷിപ്പനി റിപ്പോർട്ടുചെയ്‌തത്‌ എടത്വാ, ചെറുതന മേഖലകളിലാണ്.

നിലവിൽ പക്ഷിപ്പനി ജില്ലയിൽ റിപ്പോർട്ടുചെയ്തുതുതുടങ്ങിയ ഏപ്രിൽമുതൽ ഇതുവരെ പരിശോധിച്ച സാമ്പിളുകളിലൊന്നിലും മനുഷ്യരിൽ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ടില്ല. എന്നാൽ, മെക്സസിക്കോയിൽ പക്ഷിപ്പനി ബാധിച്ച് അടുത്തിടെ ഒരാൾ മരിക്കുകയും നാലുദിവസംമുൻപ് പശ്ചിമബംഗാളിൽ നാലുവയസ്സുകാരിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തതോടെയാണ് ജാഗ്രത ശക്തമാക്കിയത്.

ജില്ലയിൽ ആദ്യം പക്ഷിപ്പനി റിപ്പോർട്ടുചെയ്‌ത മേഖലകളിൽ പനിസർവേ തുടങ്ങിയിരുന്നു. അതെ സർവേ തന്നെയാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച ചേർത്തല, തണ്ണീർമുക്കം, മുഹമ്മ മേഖലകളിലും ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. പക്ഷികളുമായി സമ്പർക്കത്തിലേർപ്പെടുന്നവർക്ക് പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളുണ്ടായാൽ സ്രവപരിശോധന നടത്തും. പോസിറ്റീവ് കേസുകൾ കണ്ടെത്തിയാൽ ചികിത്സ നൽകാൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സജ്ജമാണ്. വെൻ്റിലേറ്ററോടുകൂടിയ ഐസിയു സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Read more

https://youtu.be/xFXLqHM6DOs?si=62e5trhM6NxjO0G8