കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 5000 പക്ഷികളെ കൊന്നൊടുക്കും

കോട്ടയം ജില്ലയിലെ തലയാഴം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഫാമിലാണ് പക്ഷിപ്പനി ആദ്യം കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ അയ്യായിരത്തോളം പക്ഷികളെ ഇന്ന് കൊന്നൊടുക്കും.

രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൊന്നൊടുക്കുന്നത്.

തലയാഴത്തിന് പുറമെ ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

കൊന്ന പക്ഷികളെ സംസ്‌കരിക്കാനും പരിസരത്ത് അണുനശീകരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്കും മൃഗസംരക്ഷണ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.