പൂര്‍വാശ്രമത്തിലെ വിചാരധാരയാണോ ഭരണഘടനയാണോ വഴികാട്ടിയാകേണ്ടതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണം; ഭരണഘടന പഠിച്ചാല്‍ ഗവര്‍ണര്‍ക്ക് എല്ലാം മനസിലാകുമെന്ന് ബിനോയ് വിശ്വം

പൂര്‍വാശ്രമത്തിലെ വിചാരധാരയാണോ ഭരണഘടനയാണോ വഴികാട്ടിയാകേണ്ടതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യയ്ക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്നും അതാണ് ഭാരതമാതാവെന്നും പറയുന്നത് എത്രത്തോളം അനുചിതമാണെന്ന് ഗവര്‍ണര്‍ മനസ്സിലാക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ദേശീയ ബിംബങ്ങളേക്കുറിച്ചും പ്രതീകങ്ങളേക്കുറിച്ചും ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ ഗവര്‍ണര്‍ വായിക്കണമെന്നും ഭരണഘടന പഠിച്ചാല്‍ ഗവര്‍ണര്‍ക്ക് എല്ലാം മനസ്സിലാവുമെന്നും പരിഹസിക്കാനും സിപിഐ സെക്രട്ടറി മടിച്ചില്ല.

ഇടത് സര്‍ക്കാരിന് സംഘര്‍ഷം ലക്ഷ്യമല്ല. ഗവര്‍ണറുമായി നിലയ്ക്കാത്ത വിവാദം സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എന്നാല്‍ എല്ലാ ദിവസവും വിവാദങ്ങളിലേക്ക് പോകാനുള്ള ആവേശം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കാണിക്കുന്നുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

Read more

രാജ്ഭവന്റെ ഔദ്യോഗിക വേദികളില്‍ ഇന്ത്യയുടേതല്ലാത്ത ഭൂപടം കാണിക്കാന്‍ പാടില്ല. നിയമപരമായി തന്നെ അത് തെറ്റാണെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ പറയേണ്ട സമയമായെന്നും കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബിനോയ് വിശ്വം പറഞ്ഞു. ഭരണഘടനാ പദവിയായ ഗവര്‍ണര്‍ പദവിയെ നയിക്കേണ്ടത് ഭരണഘടനയാണെന്ന സത്യത്തെ മറന്നുകൊണ്ട് രാജ്ഭവനിലെ അന്തേവാസി തന്റെ പൂര്‍വകാലത്തെ എല്ലാമെല്ലാമായി കാണുകയാണെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു. രാജേന്ദ്ര ആര്‍ലേക്കര്‍ ബിജെപി നേതാവിന് അപ്പുറം കടുത്ത ആര്‍എസ്എസുകാരനാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ചെയ്തത്.