സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ബിനോയ് വിശ്വം. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത്. നേതാക്കൾ ഇത് കയ്യടിച്ച് പാസാക്കി.
2023 മുതൽ സംസ്ഥാന സെക്രട്ടറിയാണെങ്കിലും ബിനോയ് വിശ്വത്തെ ആദ്യമായാണ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്. 2022 മുതൽ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ്റെ നിര്യാണത്തെ തുടർന്നാണ് 2023ൽ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
സെപ്റ്റംബർ എട്ടിനാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായത്. ഇന്ന് വൈകിട്ട് ആലപ്പുഴ ബീച്ചിൽ തയ്യാറാക്കിയിരിക്കുന്ന അതുൽ കുമാർ അഞ്ജാൻ നഗറിലാണ് പൊതുസമ്മേളനം. വോളിണ്ടിയർ പരേഡിന് പിന്നാലെ നടക്കുന്ന പൊതുസമ്മേളനം സിപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
അതേസമയം സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ അതിരൂക്ഷ വിമർശനം ഉയർന്നിരുന്നു. ബിനോയ് വിശ്വം ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതരമായ തെറ്റാണെന്ന് പ്രതിനിധികൾ വിമർശിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി ഒരേ വിഷയത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വ്യത്യസ്ത അഭിപ്രായം പറയുന്നതായും വിമർശനം ഉയർന്നു. കണ്ണൂർ ജില്ലാ കൗൺസിൽ പ്രതിനിധിയാണ് വിമർശനം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി പറയുന്നത് പലപ്പോഴും മനസ്സിലാവുന്നില്ലെന്ന് കോട്ടയത്ത് നിന്നുള്ള പ്രതിനിധിയും വിമർശനം ഉന്നയിച്ചു.
Read more
മുൻ എംഎൽഎയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സി കെ വിശ്വനാഥൻ്റെ മകനാണ് ബിനോയ് വിശ്വം. എഐഎസ്എഫിലൂടെ പൊതുപ്രവർത്തന രംഗത്തുവന്ന ബിനോയ് വിശ്വം എഐഎസ്എഫിൻ്റെ സംസ്ഥാന-ദേശീയ നേതൃനിരയിൽ പ്രവർത്തിച്ചിരുന്നു. രാജ്യസഭാംഗമായും എംഎൽഎയായും 2006ലെ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.







