'ഞാനും ബിനോയ് വിശ്വവും കമ്മ്യൂണിസ്റ്റ്, ഐക്യത്തോടെ മുന്നോട്ട് പോകും'; പിഎം ശ്രീ പദ്ധതി വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. താനും ബിനോയ് വിശ്വവും കമ്മ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞ മന്ത്രി ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേർത്തു. കേന്ദ്ര പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിനെതിരെ സിപിഐ പരസ്യ എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്നും പിഎം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങിയാൽ അത് നടപ്പാക്കേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് പറഞ്ഞിരുന്നു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീയെന്ന് പറഞ്ഞ ബിനോയ് വിശ്വം ഫണ്ടും നയവും തമ്മിൽ ബന്ധമുള്ളതാണെന്നും കൂട്ടിച്ചേർത്തു.

ഇക്കാര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഫണ്ട് വാങ്ങിയാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തള്ളിയാണ് ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. അതേസമയം സിപിഐയുടെ എതിർപ്പ് തള്ളിയാണ് പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.

സിപിഐയുടെ എതിര്‍പ്പ് തള്ളിയാണ് പിഎം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ സമ്മതമറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. 1476 കോടി രൂപ എന്തിന് കളയണമെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതിവിഹിതം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതാണെന്നും വിദ്യാഭ്യാസമന്ത്രി പറയുന്നു. എന്നാൽ കേരളം പദ്ധതിയുടെ ഭാഗമാകരുതെന്ന നിലപാടില്‍ മാറ്റമില്ലാതെ തുടരുകയാണ് സിപിഐ.

Read more