ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ 24ന്; ലോകായുക്ത ബില്ലും ബുധനാഴ്ച നിയമസഭയില്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി പോരാട്ടത്തിനുറച്ച് സര്‍ക്കാര്‍. സര്‍വകലാശാലകളില്‍ വി സിയെ നിയമിക്കുന്നത് സംബന്ധിച്ച് ചാന്‍സലറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്‍ ഈ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. 24ന് ബില്‍ അവതരിപ്പിക്കാനാണ് നീക്കം. ലോകായുക്ത നിയമഭേദഗതി ബില്ലും ബുധനാഴ്ച തന്നെ നിയമസഭയില്‍ അവതരിപ്പിക്കും.

കാര്യോപദേശക സമിതിയുടേതാണ് തീരുമാനം. നേരത്തെ 26ന് ബില്‍ അവതരിപ്പിക്കായിരുന്നു നീക്കം. നാളെയും മറ്റന്നാളുമായി 12 ബില്ലുകളാണ് നിയമസഭ പരിഗണിക്കുക. അതേസമയം ഓഗസ്റ്റ് 25,26, സെപ്റ്റംബര്‍ 2 എന്നീ തിയതികളില്‍ സഭ ചേരില്ല

പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിച്ചു. ഗവര്‍ണര്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യത്തിലാണ് നിയമ നിര്‍മാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്. ആദ്യ ദിവസമായ ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനം മാത്രമാണുള്ളത്. മറ്റു നടപടിക്രമങ്ങള്‍ ഉണ്ടാവില്ല.

ബില്ലുകള്‍ക്കെതിരെ സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തനാണ് പ്രതിപക്ഷ നീക്കം. ലോകായുക്ത നിയമഭേദഗതിയില്‍ ഇടതുമുന്നണിയിലും ഭിന്നതയുണ്ട്. സിപിഐയുമായി സിപിഎം നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ യോജിച്ച തീരുമാനം കണ്ടെത്താനായിട്ടില്ല. ലോകായുക്ത ഭേദഗതി നിയമം സഭ പാസാക്കിയാലും ഗവര്‍ണര്‍ ഉടന്‍ ഒപ്പിടാന്‍ സാധ്യതയില്ലെന്നാണ് സൂചന.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഇന്ന് അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി സഭ പിരിയും. ഇന്ന് മറ്റു നടപടിക്രമങ്ങള്‍ ഉണ്ടാവില്ല. നിയമ നിര്‍മ്മാണത്തിനായി ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സഭ സമ്മേളിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ അസാധാരണ സ്ഥിതി കണക്കിലെടുത്ത് സമ്മേളനം നേരത്തെ ആക്കുകയായിരുന്നു.