ബിനോയ് കോടിയേരിക്ക് എതിരായ പീഡന കേസ്, ഡി.എന്‍.എ ഫലം പുറത്ത് വിടണം, യുവതി ഹൈക്കോടതിയില്‍

ബിനോയ് കോടിയേരി പ്രതിയായ പീഡന കേസിലെ ഡിഎന്‍എ ഫലം പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. തന്റെ മകന്റെ പിതൃത്വം തെളിയിക്കാനായി ഡിഎന്‍എ ഫലം പുറത്ത് വിടണമെന്നാണ് യുവതിയുടെ ആവശ്യം. കേസ് ഇനിയും അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകരുത്. ഡിഎന്‍എ ഫലം കോടതിയിലെത്തി ഒരു വര്‍ഷമായിട്ടും നടപടി ഇല്ലാത്തതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ നിധിന്‍ ജാംദാര്‍, സാരംഗ് കോട്ട്വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിച്ച ശേഷം തുടര്‍വാദം ജനുവരി 4 ലേക്ക് മാറ്റി.

2019 ജൂണിലാണ് ബിനോയ് കോടിയേരിക്കെതിരെ യുവതി ഓഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ആരോപണം. തനിക്ക് ബിനോയിയില്‍ എട്ട് വയസ്സ് പ്രായമായ കുട്ടിയുണ്ടെന്നും, ജീവിക്കാനുളള്ള ചെലവ് ബിനോയ് തരണമെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ജൂലൈയില്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് 2019 ജൂലൈ 30 ന് ബൈക്കുള ജെജെ ആശുപത്രിയില്‍ ഡിഎന്‍എ പരിശോധന നടത്തി.

ഡി.എന്‍.എ. ഫലം 2020 ഡിസംബര്‍ ഒമ്പതിന് ഓഷിവാര പൊലീസ് മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോടതി നടപടികള്‍ നീണ്ടുപോയി. നിലവില്‍ വീണ്ടും കോടതി കേസുകള്‍ പരിഗണിക്കാന്‍ തുടങ്ങിയതോടെയാണ് ഈ ഫലം പുറത്ത് വിടണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

കേസില്‍ 678 പേജുള്ള കുറ്റപത്രം കഴിഞ്ഞ ഡിസംബര്‍ 15 ന് മുംബൈ പൊലീസ് അന്ധേരി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ കുറ്റപത്രം ഡിസംബര്‍ 13-ന് ദിന്‍ദോഷി കോടതി പരിഗണിക്കും.