പെരിയ ഇരട്ടക്കൊല; സി.പി.എം ജില്ലാ നേതാക്കളെയും സി.ബി.ഐ പ്രതി ചേർത്തേക്കും

പെരിയ ഇരട്ടക്കൊലക്കേസിൽ സി.പി.എം ജില്ലാ നേതാക്കളെ പ്രതി ചേർക്കാനൊരുങ്ങി സി.ബി.ഐ. മുൻ എം.എൽ.എ ഉൾപ്പടെയുള്ള നേതാക്കളെ പ്രതി ചേർത്തേക്കുമെന്നാണ് സൂചന. സി. ബി.ഐ ഇന്നലെ അറസ്റ്റ് ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജുവടക്കമുള്ള അഞ്ച് പാർട്ടി പ്രവർത്തകരെ എറണാകുളം സിജെഎം കോടതിയിൽ ഇന്ന് ഹാജരാക്കും. കാസ‍ർഗോഡുനിന്ന് അറസ്റ്റിലായ പ്രതികളെ പുലർച്ചെയോടെയാണ് കൊച്ചിയിലെത്തിച്ചത്. റിമാൻ‍ഡ് ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം.

സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ് എന്നിവരുടെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് സി.ബി.ഐ രേഖപ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തുന്നതിന് ഗൂഡാലോചന നടത്തി, കൊലപാതകത്തിന് സഹായകരമായ വിവരങ്ങൾ കൈമാറുക, ആയുധങ്ങൾ സമാഹരിച്ച് നൽകുക, വാഹന സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ പ്രതികൾ ചെയ്തതായി അന്വേഷണസംഘം പറയുന്നു.

ഉദുമ മുൻ എം.എല്‍.എ കെ.വി കുഞ്ഞിരാമൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ ഇന്നലെ വീണ്ടും ചോദ്യംചെയ്തിരുന്നു.സിബിഐ കേസ് ഏറ്റെടുത്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റുകളുണ്ടാകുന്നത്. നേരത്തേ കേസുമായി ബന്ധപ്പെട്ട് 14 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

സി.ബി.ഐ അറസ്റ്റ് ചെയ്ത ആകെ 19 പ്രതികളിൽ ഉദുമ മുൻ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവർ ഇപ്പോൾ ജാമ്യത്തിലാണ്. വരും ദിവസങ്ങളിൽ സി.പി. എം ജില്ലാ നേതാക്കളെ അടക്കം സി.ബി.ഐ പ്രതി ചേർത്തേക്കുമെന്നാണ് സൂചന. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്.