തട്ടിപ്പുകാരനൊപ്പമുള്ള ചിത്രം പുറത്തായതോടെ ബെഹ്‌റ മുങ്ങി; മൂന്നുദിവസമായി ഓഫീസിലെത്തുന്നില്ല, മാറ്റി നിര്‍ത്തണമെന്ന ആവശ്യവും ഉയരുന്നു

പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് തടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അവധിയില്‍. കൊച്ചി മെട്രോ എംഡിയായ ബെഹ്‌റ അവസാനമായി ഓഫീസിലെത്തിയത് വെള്‌ലിയാഴ്ചയാണ്. പത്തുകോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലാകുന്നത്. ഇതിന് പിന്നാലെ ലോക്‌നാഥ് ബെഹ്‌റ മോന്‍സന്റെ വീട്ടിലെത്തിയതിന് തെളിവായി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് ബെഹ്‌റ എവിടെയെന്ന അന്വേഷണം ആരംഭിച്ചത്. കൊച്ചി മെട്രോ ഓഫീസില്‍ അദ്ദേഹം എത്തുന്നില്ലെന്നും, അവധിയാണെന്നുമാണ് ലഭിക്കുന്ന വിവരം.

അതേസമയം ഭാര്യയുടെ ചികിത്സാര്‍ത്ഥം അവധിയെടുത്തതെന്നാണ് ബെഹ്‌റയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തട്ടിപ്പുകാരനായ മോന്‍സന്‍ മാവുങ്കലിന്റെ വീടുകള്‍ക്ക് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ബെഹ്‌റ നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടെ തട്ടിപ്പുകാരന് കൂട്ടുനിന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെ ബെഹ്‌റയെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കേസന്വേഷണം പൂര്‍ത്തിയാകും വരെ ചുമതലയില്‍ നിന്നും മാറ്റണമെന്നാണ് ആവശ്യം. അതിനിടെ ബെഹ്‌റ അവധിയെടുത്ത് നാട്ടിലേക്ക് തിരിക്കുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

Read more

ബെഹ്‌റ രണ്ടിലധികം തവണ മോന്‍സന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നെന്നും എഡിജിപിയായിരുന്ന മനോജ് എബ്രഹാമിനെയടക്കം മോന്‍സന്റെ വീട്ടിലെത്തിച്ചത് ബെഹ്‌റ ആണെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ മനോജ് എബ്രഹാം മോന്‍സന്റെ തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ രേഖകള്‍ ലോക്‌നാഥ് ബെഹ്‌റ പൂഴ്ത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെയാണ് മോന്‍സന്‍ ത്ടിപ്പുകാരനെന്ന് തന്നോട് പറഞ്ഞത് ഡിജിപിയായിരുന്ന ബെഹ്‌റ ആണെന്ന വിശദീകരണവുമായി പ്രവാസി വ്യവസായി അനിത പുല്ലയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.