ബത്തേരി കോഴ വിവാദം; വയനാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി, യുവമോര്‍ച്ച നേതാക്കളുടെ കൂട്ടരാജി

സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കാനായി ആര്‍ജെപി നേതാവ് സി കെ ജാനുവിന് കോഴ നല്‍കിയ സംഭവത്തില്‍ വയനാട് ബിജെപിയില്‍ അച്ചടക്ക നടപടിയും രാജിയും. യുവമോര്‍ച്ച ഭാരവാഹികളെ നീക്കി. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ദീപു പുത്തന്‍പുരയില്‍, ബത്തേരി മണ്ഡലം ഭാരവാഹി ലിലില്‍ കുമാര്‍ എന്നിവരെയാണ് പദവിയില്‍ നിന്ന് മാറ്റിയത്. യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ച് നിരവധി ഭാരവാഹികള്‍ രാജിവെച്ചു.

Read more

നടപടിക്ക് പിന്നാലെയാണ്‌ കൂട്ടരാജി ഉണ്ടായത്.കോഴ വിവാദത്തില്‍ ആരോപണം ഉയര്‍ന്ന നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു ഈ നേതാക്കള്‍. ഇതേ തുടര്‍ന്നാണ് നടപടിയെന്നാണ് കരുതുന്നത്. കോഴ വിവാദവുമായി ബന്ധപ്പെട്ട് ദീപു പുത്തന്‍പുരയില്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ഫേസ്ബുക്കില്‍ അഴിമതി കാട്ടിയവര്‍ അകത്തും തെറ്റ് ചൂണ്ടിക്കാട്ടിയവര്‍ പുറത്തും എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി നേതാവിനെ കൈയ്യേറ്റം ചെയ്ത സംഭവവുമുണ്ടായി

അതേസമയം നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നഗരസഭാ കമ്മിറ്റി, സമീപ പഞ്ചായത്തുകളിലെ കമ്മിറ്റി എന്നിവിടങ്ങളിലെ ഭാരവാഹികള്‍ രാജിവച്ചു. ഇവര്‍ കമ്മിറ്റികള്‍ പിരിച്ചുവിട്ടതായും അറിയിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കിയതാണ് കേസിന് ആധാരം.

ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേഷ് കഴിഞ്ഞ ദിവസം ജില്ലയിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയും രാജിയും.