'ആവിഷ്‌കാര സ്വാതന്ത്ര്യം വിലക്കുന്നത് അംഗീകരിക്കാനാകില്ല, കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ചിത്രങ്ങള്‍ IFFKയിൽ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം ധീരം'; റസൂല്‍ പൂക്കുട്ടി

IFFKയിലെ സിനിമാ വിലക്കില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടിക കേന്ദ്രത്തിന് അയക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം ധീരമാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കുന്നത് അംഗീകരിക്കാനാകില്ലെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേർത്തു.

ഒന്‍പത് സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി തരില്ലെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ചലച്ചിത്രമേള എന്നത് ഒരു അക്കാദമിക് ആക്റ്റിവിറ്റിയാണ്. അവിടെ ക്യുറേറ്റ് ചെയ്യപ്പെടുന്ന സിനിമകളെല്ലാം കാണിക്കണം. അതിനുള്ള അവസരം ഉണ്ടാകണം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരെടുത്ത നിലപാട് ധീരമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കുന്നത് അംഗീകരിക്കാനാകില്ല എന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.

അതേസമയം കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. മുൻ നിശ്ചയപ്രകാരമുള്ള മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കണമെന്ന് ചലച്ചിത്ര അക്കാദമിക്ക് മന്ത്രി സജി ചെറിയാൻ നിർദേശം നൽകി. കേന്ദ്രസർക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനമാണെന്നും മന്ത്രി പറഞ്ഞു.

കൊൽക്കത്ത മേളയിൽ പ്രതിസന്ധി ഉണ്ടായപ്പോൾ മമത ബാനർജി എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ നിർദേശം നൽകിയിരുന്നു. സമാനമായ നിലപാട് സ്വീകരിക്കാനാണ് സർക്കാർ അക്കാദമി ചെയർമാന് നിർദേശം നൽകിയത്. അതേസമയം, ഐഎഫ്എഫ്കെയിൽ ഇനി പ്രദർശനാനുമതി കിട്ടേണ്ടിയിരുന്നത് 15 ചിത്രങ്ങൾക്ക് ആയിരുന്നു. നേരത്തെ, 19 ചിത്രങ്ങളുണ്ടായിരുന്നുവെങ്കിലും 4 എണ്ണത്തിന് അനുമതി ലഭിച്ചിരുന്നു.

കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തേയും തകർക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാനാവില്ല. കലാവിഷ്കാരങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Read more