ജയിലുകളില്‍ മതപരമായ ചടങ്ങുകള്‍ക്ക് വിലക്ക്; നിലവിലെ അനുമതി റദ്ദാക്കി

ജയിലുകളില്‍ പുറത്തുനിന്നുള്ള സംഘങ്ങളെത്തി നടത്തുന്ന മതപരമായ ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പ്രാര്‍ത്ഥനകള്‍, കൗണ്‍സിലിംഗ് എന്നിവയ്ക്കായി നിലവില്‍ സംഘടനകള്‍ക്ക് നല്‍കിയിരുന്ന അനുമതി റദ്ദാക്കി. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യയയാണ് നിര്‍ദേശം നല്‍കിയത്. ഇനി മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് മാത്രമാണ് അംഗീകാരം.

വിവിധ സംഘടനകള്‍ ജയിലിലെത്തി അന്തേവാസികള്‍ക്കായി പ്രാര്‍ത്ഥനകളും കൗണ്‍സിലിംഗും നടത്താറുണ്ടായിരുന്നു. ഇതിനു ആഭ്യന്തരവകുപ്പാണ് അനുമതി നല്‍കിയിരുന്നത്. അനുമതി ലഭിച്ചാല്‍ ഒരു വര്‍ഷം വരെ ജയിലിലെത്തി പ്രാര്‍ത്ഥനകളും കൗണ്‍സിലിംഗും നടത്താമായിരുന്നു.

എന്നാല്‍, ഇനിമുതല്‍ മതപരമായവ നടത്തേണ്ടതില്ലെന്നും മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്താമെന്നുമാണ് ജയില്‍ മേധാവിയുടെ നിര്‍ദേശം. വിലക്കില്‍ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.