'സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് കടക്കാരോട് പറയണം': ബാലചന്ദ്രകുമാറിന്റെ ഓഡിയോ സന്ദേശം പുറത്ത്

 

നടൻ ദീലിപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ ഓ‍ഡിയോ സന്ദേശം പുറത്ത്. ബാലചന്ദ്രകുമാറിനെതിരേ ദിലീപ് കോടതിയിൽ ഹാജരാക്കിയ ഓഡിയോ സന്ദേശമാണ് പുറത്തു വന്നത്. രണ്ട് പേരിൽ നിന്നും താൻ കടം വാങ്ങിയ വലിയൊരു തുക തിരികെ കൊടുക്കാനുണ്ടെന്നും അവരോട് സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് വീഡിയോ കോളിലൂടെ ദിലീപ് കള്ളം പറയണമെന്നുമാണ് ബാലചന്ദ്രകുമാർ ശബ്ദ സന്ദേശത്തിലൂടെ ആവശ്യപ്പെടുന്നത്.

ബാലചന്ദ്രകുമാർ ദിലീപിന് ശബ്ദ സന്ദേശം അയച്ചത് 2021 ഏപ്രിൽ 14-ന് ആണെന്നാണ് ദിലീപ് പറയുന്നത്. എന്നാൽ ബാലചന്ദ്രകുമാർ ആവശ്യപ്പെട്ട കാര്യം താൻ അനുസരിച്ചിട്ടില്ലെന്നും ദിലീപ് പറയുന്നു. ഇതിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ താൻ ഗൂഢാലോചന നടത്തിയെന്ന കേസ് വന്നതെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്.