അഴീക്കോട് പ്ലസ് ടു കോഴക്കേസ്: കെ.പി.എ മജീദ് എം.എല്‍.എയുടെ മൊഴി എടുത്തു

കണ്ണൂര്‍ അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ വിജിലന്‍സ് കെ.പി.എ മജീദ് എംഎല്‍എയുടെ മൊഴിയെടുത്തു. കോഴിക്കോട് പൊലീസ് ക്ലബ്ബില്‍ വച്ചാണ് കണ്ണൂരില്‍ നിന്നുള്ള വിജിലന്‍സ് സംഘം കെ.പി.എ മജീദിനെ ചോദ്യം ചെയ്തത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ടല്ല മറിച്ച് വിജിലന്‍സ് ഡിവൈഎസ്പിയുമായി സൗഹൃദ സന്ദര്‍ശനമായിരുന്നു എന്നാണ് മജീദിന്റെ പ്രതികരണം.

2014 ലെ യുഡിഎഫ് ഭരണകാലത്ത് അഴീക്കോട് സ്‌കൂളിന് പ്ലസ്ടു കോഴ്‌സുകള്‍ അനുവദിച്ച് കിട്ടാന്‍ കെ.എം ഷാജി എം.എല്‍.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റും ഷാജിക്കെതിരെ കേസെടുത്തിരുന്നു. കേസില്‍ കെ.എം ഷാജിയെയും നേരത്തെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് അദ്ദേഹം നല്‍കിയ വിശദീകരണം. അന്ന് മുസ്ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു കെപിഎ മജീദ്. അതിനാലാണ് വിജിലന്‍സ് സംഘം മൊഴിയെടുത്തത്.

സ്‌കൂളിന്റെ വരവ് ചെലവ് കണക്കുകള്‍ വിജിലന്‍സ് നേരത്തെ പരിശോധിച്ചിരുന്നു. മറ്റ് ചെലവുകള്‍ എന്ന രീതിയില്‍ രേഖപ്പെടുത്തിയ 25 ലക്ഷം കോഴ നല്‍കിയ പണമാകാം എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഷാജിയുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.