അയോദ്ധ്യ വിധി: അമിത് ഷാ ഉന്നതതല യോഗം വിളിച്ചു

അയോദ്ധ്യ കേസില്‍ വിധി വരാനിരിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് രാജ്യത്തെ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താന്‍ യോഗം വിളിച്ചിരിക്കുന്നത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ദോവലടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ന് 10.30- തോടെയാണ് സുപ്രീം കോടതി വിധി പ്രസ്താവിക്കുക. വിധി വരുന്നതിന് പിന്നാലെ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അതേ സമയം അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ മാത്രം 5000 സി.ആര്‍.പി.എഫ് ഭടന്മാരെയാണ് സുരക്ഷയ്ക്കുവേണ്ടി നിയോഗിച്ചിട്ടുള്ളത്.

മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടക, ജമ്മു കാശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും. ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്.

സമാധാനം പുലരാന്‍ അയോദ്ധ്യയിലെ ജനങ്ങളുമായും മത നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഉത്തര്‍പ്രദേശ് ഡിജിപി, ഒപി സിംഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനിടെ പ്രതികരണങ്ങളില്‍ സംയമനം പാലിക്കണമെന്നും പ്രകോപനപരമായ പ്രതികരണങ്ങള്‍ പാടില്ലെന്നും പാര്‍ട്ടി നേതാക്കള്‍ക്ക് കോണ്‍ഗ്രസും നിര്‍ദ്ദേശം നല്‍കി.