ശബരിമല തീര്‍ത്ഥാടനത്തിന് ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും അനുവദിക്കില്ല

ശബരിമല യാത്രയ്ക്ക് ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും അനുവദിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍നിന്ന് കൂടുതല്‍ പേര്‍ ഓട്ടോറിക്ഷകളില്‍ ശബരിമലയില്‍ എത്താറുണ്ട്.

പ്രധാനമായും ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വെഞ്ഞാറമ്മൂട് എന്നിവിടങ്ങളില്‍നിന്നാണ് ഇത്തരത്തില്‍ ഓട്ടോറക്ഷകളില്‍ ശബരിമലയിലേക്ക് തീര്‍ഥാടകര്‍ എത്തുന്നത്. എന്നാല്‍ ഓട്ടോറിക്ഷകള്‍ക്ക് ജില്ലയ്ക്കകത്തും ജില്ലാ അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്ററുമാണ് പെര്‍മിറ്റുള്ളത്.

ടെമ്പോ, ലോറി തുടങ്ങിയ ചരക്ക് വാഹനങ്ങള്‍ കെട്ടി അലങ്കരിച്ചും തീര്‍ഥാടകര്‍ ശബരിമല യാത്രയ്ക്ക് എത്താറുണ്ട്. ഇത്തരത്തിലുള്ള ശബരിമല യാത്രയും ഇത്തവണ തടയുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. ഹെല്‍മെറ്റില്ലാതെ എത്തുന്ന ബൈക്ക്-സ്‌കൂട്ടര്‍ യാത്രികരില്‍നിന്ന് പിഴ ഈടാക്കും.

ശബരിമലയ്ക്ക് 400 കിലോമീറ്റര്‍ ചുറ്റളവില്‍ സേഫ് സോണ്‍ പദ്ധതി പ്രകാരം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 20 സ്‌ക്വാഡുകളെ രംഗത്തിറക്കും.