ശിക്ഷാവിധി നടപ്പാക്കുന്നത് തടയണം, അട്ടപ്പാടി മധു വധക്കേസ് പ്രതികളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മണ്ണാ‍ർക്കാട് പ്രത്യേക കോടതിയുടെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള 13 പ്രതികളുടെ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ‌‌‌മണ്ണാ‍ർക്കാട് പ്രത്യേക കോടതി ഏഴ് വ‍ർഷത്തേക്ക് ശിക്ഷിച്ചതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കുറ്റവാളികൾ എന്ന് കണ്ടെത്തിയവരെ കൊലപാതക കുറ്റത്തിന് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും അപ്പീൽ നൽകിയിട്ടുണ്ട്. ജസ്റ്റിസ് പിബി സുരേഷ് കുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് അപ്പീൽ പരിഗണിക്കുന്നത്.

കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പ്രതികളെ ഏഴ് വ‍ർ‌ഷം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു. 16 പ്രതികളിൽ 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. മധു കൊല്ലപ്പെട്ട് അഞ്ച് വ‍ർഷത്തിന് ശേഷമായിരുന്നു വിധി. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറിയിരുന്നു. 2028 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്.

കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി ഡോ. കെപി സതീശനെ നിയമിച്ച കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും. അഡീഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി പിവി ജീവേഷിൻെറ നിയമന വിജ്ഞാപനവും ഹൈക്കോടതിക്ക് കൈമാറും.

കഴിഞ്ഞ ദിവസമാണ് സർക്കാർ ഡോ. കെപി സതീശനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പ്രോസിക്യൂട്ടറാക്കാൻ ആവശ്യപ്പെട്ട് അഡ്വ. പിവി ജീവേഷിന്റെയും രാജേഷ് എം മേനോന്റെയും പേരുകളാണ് കുടുംബം നൽകിയിരുന്നത്. അതിന് വിരുദ്ധമായാണ് സ‍ർക്കാരിന്റെ തീരുമാനമെന്ന് മധുവിന്റെ അമ്മ മല്ലിയമ്മ ആരോപിച്ചിരുന്നു.