മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകം; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിനെതിരെ മധുവിന്റെ കുടുംബം രംഗത്ത്

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിനെതിരെ മധുവിന്റെ കുടുംബം രംഗത്തെത്തി. കേസ് അട്ടിമറിക്കാനുള്ള നീക്കമെന്നാണ് മധുവിന്റെ കുടുംബം നടപടിയെ കുറിച്ച് ആരോപിക്കുന്നത്. അഡ്വ. കെപി സതീശനെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്.

മധുവിന്റെ കുടുംബമോ സമരസമിതിയോ നിയമനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് കാട്ടി നിയമനം തടയണമെന്ന് ആവശ്യപ്പെട്ട് സങ്കട ഹര്‍ജി ഫയല്‍ ചെയ്യാനാണ് കുടുംബത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച് നാളെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഹര്‍ജി നല്‍കും. സര്‍ക്കാര്‍ പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം നടത്തിയത് പ്രതികളെ രക്ഷിക്കാനാണെന്ന് കുടുംബം ആരോപിക്കുന്നു.

Read more

പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. ഇതോടൊപ്പം അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി പിവി ജീവേഷിനെയും നിയമിച്ചിട്ടുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ട 13 പ്രതികള്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പ്രതികളുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട ആരോപണം.