അട്ടപ്പാടി മധു കേസ്; ഒമ്പത് പ്രതികള്‍ ഒളിവില്‍; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്, സാക്ഷിവിസ്താരം പുനരാരംഭിക്കും

അട്ടപ്പാടി മധു കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട പ്രതികളില്‍ ഒമ്പത് പേര്‍ ഒളിവില്‍. രണ്ടാംപ്രതി മരയ്ക്കാര്‍, മൂന്നാംപ്രതി പി.സി.ഷംസുദ്ദീന്‍, അഞ്ചാം പ്രതി ടി.രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഒമ്പതാം പ്രതീ നജീബ്, പത്താം പ്രതി എം.വി.ജൈജുമോന്‍, പതിനൊന്നാംപ്രതി അബ്ദുല്‍ കരീം, പന്ത്രണ്ടാംപ്രതി പി.പി.സജീവ് പതിനാറാം പ്രതി വി.മുനീര്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്നത്.

ഇവരെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. 12 പ്രതികളില്‍ മൂന്ന് പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഒളിവില്‍ കഴിയുന്നവര്‍ക്കായി ഉടന്‍ ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കും. അതേസമയം കേസില്‍ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും. 13 സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തീര്‍പ്പാക്കുന്നത് വരെ വിസ്താരം നിര്‍ത്തിവെക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് നിര്‍ത്തിവെച്ച വിസ്താരമാണ് ഇന്ന് പുനരാരംഭിക്കുന്നത്. 25 മുതല്‍ 31 വരെയുള്ള ഏഴ് സാക്ഷികളെയാണ് വിസ്തരിക്കുക. അതേസമയം ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രതിഭാഗം.