പൊലീസിനെ ആക്രമിച്ചു; ടി. സിദ്ദീഖ് എം.എല്‍.എയുടെ ഗണ്‍മാന് സസ്‌പെന്‍ഷന്‍

വയനാട് കല്‍പ്പറ്റയില്‍ നടന്ന് കോണ്‍ഗ്രസ് പ്രതിഷേധത്തിന് ഇടെയില്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ടി സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാന് സസ്‌പെന്‍ഷന്‍. കെ.വി സ്മിബിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

വയനാട് പൊലീസ് മേധാവിയുടേതാണ് നടപടി. എംഎല്‍എയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരന്‍ കോണ്‍ഗ്രസ് റാലിക്കിടെ ക്രമസമാധാന ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം എം പി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം 30 ആയി. നേരത്തെ കസ്റ്റഡിയിലായ ആറ് പേരെ റിമാന്‍ഡ് ചെയ്തു. അക്രമത്തെ തുടര്‍ന്ന് നടപടി തീരുമാനിക്കാന്‍ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. ഓഫിസ് ആക്രമിച്ചതില്‍ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേള്‍ക്കും. എസ്എഫ്‌ഐ സംസ്ഥാന സെന്റര്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗത്തില്‍ നടപടി തീരുമാനിക്കും.

പരിസ്ഥിതിലോല പ്രശ്നത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം എസ്എഫ്ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഓഫീസ് ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ ഓഫീസ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.