ഫോൺ എടുക്കില്ലെന്ന് പറയരുത്; രാത്രി 12 മണിക്ക് ആരോ​ഗ്യമന്ത്രി തന്നെ തിരിച്ചു വിളിച്ച് കാര്യം അന്വേഷിച്ചു, വീണാ ജോർജിന് പിന്തുണയുമായി സന്ദീപ് വാര്യർ

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജിനെ ഫോ​ണി​ൽ വി​ളി​ച്ചാ​ൽ കി​ട്ടു​ന്നി​ല്ലെ​ന്ന്​ സി.​പി.​ഐ.എം ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ വിമർശിച്ചെന്ന് വാർത്തകൾ വന്നതിന് പിന്നാലെ മന്ത്രിക്ക് പിന്തുണയുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രം​ഗത്ത്.

മന്ത്രിയെ ഫോൺ വിളിച്ചപ്പോൾ തനിക്കുണ്ടായ വ്യക്തിപരമായ അനുഭവം പങ്ക് വച്ചുകൊണ്ടാണ് സന്ദീപ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാം, എന്നു കരുതി സത്യം പറയാതിരിക്കാനാവില്ലല്ലോ എന്ന് സന്ദീപ് ഫെയ്സ്ബുക്കിൽ കുറിച്ചു.

പ​ത്ത​നം​തി​ട്ട നോ​ർ​ത്ത്, സൗ​ത്ത്​ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ലും എ​ൽ.​ഡി.​എ​ഫ്​ ന​ഗ​ര​സ​ഭ പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ലും എ​ൽ.​ഡി.​എ​ഫ്​ ടൗ​ൺ ക​മ്മി​റ്റി​യി​ലു​മാ​ണ്​ സ്ഥ​ലം എം.​എ​ൽ.​എ കൂടിയായ മ​ന്ത്രിക്കെതിരെ വിമർശം ഉയർന്നിരുന്നു.

കാ​യം​കു​ളം എം.​എ​ൽ.​എ അ​ഡ്വ. യു. ​പ്ര​തി​ഭ പൊ​തു​പ​രി​പാ​ടി​യി​ൽ മ​ന്ത്രി​യു​ടെ പേരെ​ടു​ത്ത്​ ​പ​റ​യാ​തെ സ​മാ​ന​വി​മ​​ർ​ശ​നം ഉ​ന്ന​യി​ക്കുകയും ചെയ്തിരുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്

ബഹു.ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ് ഫോൺ ചെയ്താൽ എടുക്കാത്ത ആളാണെന്ന നിലയിൽ ഒരു വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നു. വ്യക്തിപരമായ ഒരു അനുഭവം പങ്കുവയ്ക്കട്ടെ. ഒന്നു രണ്ടു മാസം മുമ്പാണ്. തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത ഷൊർണൂരിലെ ഒരു രോഗിയുടെ ആവശ്യത്തിന് ഞാൻ ബഹു. മന്ത്രിയെ ഫോണിൽ വിളിച്ചിരുന്നു. എടുത്തില്ല. മന്ത്രിയാണ്. സ്വാഭാവികമായും മീറ്റിംഗുകളും തിരക്കുകളും ഉണ്ടാവും. ഞാനത് കാര്യമാക്കിയില്ല.

അന്ന് രാത്രി പന്ത്രണ്ട് മണിക്ക് മന്ത്രി തിരിച്ചു വിളിച്ചു. പകൽ സമയത്തെ തിരക്കുകൾക്കിടെ അറ്റൻഡ് ചെയ്യാൻ പറ്റാതെ പോയ കാളുകൾ രാത്രി വൈകിയ വേളയിലും തിരിച്ചു വിളിക്കുകയായിരുന്നു അവർ. ഞാനുന്നയിച്ച ആവശ്യത്തിന് പരിഹാരം കാണാൻ അവർ ശ്രമിക്കുകയും ചെയ്തു. തിരിച്ചു വിളിക്കാൻ അവർ കാണിച്ച മാന്യതയിൽ എനിക്ക് മതിപ്പും തോന്നി. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നു കരുതി സത്യം പറയാതിരിക്കാനാവില്ലല്ലോ