ഷാജഹാന്‍ വധം; പിന്നില്‍ ആര്‍എസ്എസ്, കേരളത്തെ ബോധപൂര്‍വ്വം കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നെന്ന് മുഹമ്മദ് റിയാസ്

പാലക്കാട് മലമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തില്‍ പിന്നില്‍ ആര്‍എസ്എസാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തെ കലാപഭൂമിയാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വൈകാരികതയ്ക്ക് അടിമപ്പെടാതെ മുന്നോട്ട് പോവണം. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിച്ചത് ആര്‍എസ്എസിനെ അസ്വസ്ഥതപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നിലുള്ളത്. അക്രമത്തെ അപലപിക്കാന്‍ പോലും യുഡിഎഫ് തയ്യാറായിട്ടില്ല. സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടേണ്ടവരാണെന്ന മനോഭാവമാണ് യു.ഡി.എഫിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം കൊലപാതക കാരണം വ്യക്തമല്ല. കേസില്‍ എട്ട് പ്രതികളാണുള്ളതെന്നും പൊലീസ് പറയുന്നു. കൊലപാതക കാരണം അന്വേഷിച്ച് വരികയാണ് . രാഷ്ട്രീയ വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രിയാണ് ഷാജഹാന് നേരെ ആക്രമണം ഉണ്ടായത്. സ്വാതന്ത്ര്യ ദിനത്തിന്റെ അലങ്കാര പണികള്‍ക്കിടെ ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ട് സംഘമാണ് ഷാജഹാനെ വെട്ടിയത്. ആക്രമണത്തില്‍ ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു എന്നാണ് വിവരം.

ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഷാജഹാന്റെ മൃതദേഹം പത്ത് മണിയോടെ പോസ്റ്റുമോര്‍ട്ടം ചെയ്യും. ബിജെപി പ്രവര്‍ത്തകന്‍ ആറുചാമി കൊലക്കേസില്‍ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാന്‍. 2008ല്‍ ആയിരുന്നു ഈ കൊലപാതകം നടന്നത്. കഴിഞ്ഞ കുറെ നാളുകളായി ഷാജഹാന് ഭീഷണിയുണ്ടായിരുന്നതായി സിപിഎം നേതാക്കള്‍ പറയുന്നു.