വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു, ചില്ലുകള്‍ എറിഞ്ഞുടച്ചു; ഏഷ്യാനെറ്റ് ന്യൂസിന്റെ കോര്‍പ്പറേറ്റ് ഓഫീസിന് നേരെ ആക്രമണം; പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി

ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ ഓഫീസിന് നേരെ ആക്രമണം. ഇന്നു പുലര്‍ച്ചെ അഞ്ചിന് ഹൗസിങ്ങ് ബോര്‍ഡ് ജംഗ്ഷന് സമീപമുള്ള കോര്‍പ്പറേറ്റ് ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസ് അക്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കല്ലുമായെത്തിയാണ് പ്രതി സൂരജ് ഏഷ്യാനെറ്റ് ഓഫീസ് അക്രമിച്ചത്.

കോര്‍പ്പറേറ്റ് ഓഫീസിന്റെ മുന്നിലെ സെക്യൂരിറ്റി ക്യാബിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചു. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീവനക്കാരന്റെ വാഹനത്തിന്റെ ചില്ലും പ്രതി അടിച്ചു പൊട്ടിച്ചു. തുടര്‍ന്ന് ഹൗസിങ്ങ് ബോര്‍ഡിലെ ഓഫീസിന് മുന്നില്‍ പരാക്രമം നടത്തിയ പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

നേരത്തെയും സമാനമായ രീതിയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ കോര്‍പ്പറേറ്റ് ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.