ആദ്യ മന്ത്രിസഭാ യോഗത്തിൽ ആശമാരുടെ ഓണറേറിയം 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ആശ വർക്കര്‍മാർക്ക് നൽകിയ വാക്ക് പാലിക്കുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. 3000 രൂപയുടെ വർധനവാണ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാം ചെയ്യണമെന്ന് ഉണ്ടെന്നും ഇത് ആദ്യ ഘട്ടം മാത്രമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇപ്പോൾ 9000 രൂപയാണ് ആശ വർക്കർമാർക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് 12,000 രൂപയാക്കും. കൂടാതെ, വിരമിക്കൽ ബെനിഫിറ്റിൽ മാറ്റം വരുത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് അനുസരിച്ച് ഇത് വീണ്ടും വർധിപ്പിക്കുമെന്നും സതീശൻ വ്യക്തമാക്കി. ഓണറേറിയം 21000 രുപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആശ വർക്കർമാര്‍ സമരം നടത്തിയത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് അന്ന് സമര വേദിയിൽ സതീശൻ പ്രഖ്യാപിച്ചിരുന്നു.
Read more
അതേസമയം അംഗൻവാടി ജീവനക്കാർക്കും 1000 രൂപ കൂടിയിട്ടുണ്ട്. അംഗൻവാടി ജീവനക്കാർക്കും നിറയെ പ്രശ്നങ്ങളുണ്ട്. അംഗൻവാടി ഹെൽപ്പർ, ടീച്ചർ എന്നിവർക്ക് 1000 രൂപ വർധിപ്പിക്കും. വലിയ തുക അല്ല എന്ന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രീ പ്രൈമറി ടീച്ചർ 1000 വർധന, പാചക തൊഴിലാളി 1000 രൂപ വർധന എന്നിങ്ങനെയാണ് മറ്റ് പ്രഖ്യാപനങ്ങൾ.







