രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ സൈബർ ആക്രമണം നടത്തിയെന്ന് ആരോപിച്ച് തനിക്കെതിരെ പരാതി നൽകിയ പരാതിക്കാരിക്കെതിരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ. നിയമപരമായി ലഭ്യമാകുന്ന സംരക്ഷണം അതിജീവിത ദുരുപയോഗം ചെയ്‌തു എന്നാണ് ശ്രീനാദേവിയുടെ പരാതി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ വിദേശത്തുള്ള പരാതിക്കാരിക്ക് എതിരെയാണ് ശ്രീനാദേവി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സൈബർ അധിക്ഷേപം നടത്തിയ കോൺഗ്രസ് ജനപ്രതിനിധി ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പിന്നാലെയാണ് ശ്രീനാദേവി പരാതിക്കാരിക്കെതിരെ പരാതിയുമായി എത്തിയത്. ഒരു സ്ത്രീ എന്ന നിലയിൽ, പരാതിക്കാരി എന്ന നിലയിൽ അതിജീവിതയ്ക്ക് ലഭിക്കുന്ന നിയമപരിരക്ഷ ദുരുപയോഗം ചെയ്തുകൊണ്ടാണ് തനിക്കെതിരെ പരാതി നൽകിയതെന്നാണ് ശ്രീനാദേവി പരാതിയിൽ പറയുന്നത്.
പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവി കുഞ്ഞമ്മ ‘അതിജീവിതനൊപ്പം’ എന്ന് പരാമർശിച്ച് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തുടർന്ന് സൈബർ ആക്രമണത്തിൽ കേസെടുക്കാൻ ഡിജിപി നിർദേശം നൽകിയിരുന്നു. അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ സൈബർ അധിക്ഷേപത്തിനെതിരെയും പരാതിക്കാരി പരാതി നൽകിയിരുന്നു. സൈബർ ഇടങ്ങളിലെ ആക്രമണം വലിയ തോതിൽ ബാധിക്കുന്നുവെന്നും വ്യക്തി ജീവിതത്തെ ഉൾപ്പടെ ബാധിച്ചുവെന്നും പരാതിക്കാരി പരാതിയിൽ പറയുന്നു.







