'കട്ട പണവുമായി മേയര്‍കുട്ടി കോഴിക്കോട്ടേക്ക് പൊക്കോളൂ'; മഹിളാ കോണ്‍ഗ്രസ് 'പെട്ടി പ്രതിഷേധത്തില്‍' മാനനഷ്ടകേസ് പരിഗണനയിലെന്ന് ആര്യാ രാജേന്ദ്രന്‍

കത്ത് വിവാദത്തില്‍ മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ മാനനഷ്ടകേസ് പരിഗണനയിലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. പ്രതിപക്ഷ സമരം മനസിലാക്കാവുന്നതാണെന്നും എന്നാല്‍ ‘കട്ട പണവുമായി മേയര്‍കുട്ടി കോഴിക്കോട്ടേക്ക് പൊക്കോളൂ’ എന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് ജെബി മേത്തര്‍ എംപിയുടെ പരാമര്‍ശവും പ്ലക്കാഡും വിമര്‍ശനാത്മകമാണെന്നും മേയര്‍ പറഞ്ഞു.

സമരങ്ങളിലൂടെയാണ് ഞാനടക്കമുള്ളവര്‍ വളര്‍ന്ന് വന്നത്. പ്രതിപക്ഷത്തിന്റെ സമരത്തെയും പ്രതിഷേധത്തെയും അങ്ങനെ തന്നെയാണ് കാണുന്നത്. പക്ഷേ ‘കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊക്കോളൂ’ എന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് ജെബി മേത്തര്‍ എംപിയുടെ പരാമര്‍ശവും പ്ലക്കാഡും വിമര്‍ശനാത്മകമാണ്. ഇക്കാര്യത്തില്‍ മാനനഷ്ട കേസടക്കമുള്ള നിയമനടപടികള്‍ ആലോചിച്ച് മുന്നോട്ട് പോകും.

സമരമാകാം. പക്ഷേ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലോ ഭയപ്പെടുത്തുന്ന രീതിയിലോ ആകരുത്. ഇന്നലെ പൊലീസിനെ ആക്രമിക്കുന്ന നിലയുണ്ടായി. അത് പാടില്ല. നോട്ടീസ് അയച്ച കോടതി നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച മേയര്‍, തന്റെ ഭാഗം കേള്‍ക്കാന്‍ അവസരം നല്‍കുന്നതില്‍ നന്ദിയറിയിക്കുകയും ചെയ്തു.

കത്ത് വിവാദത്തിന്റെ പേരില്‍ രാജിവയ്ക്കില്ലെന്ന്  മേയര്‍ വ്യക്തമാക്കി. ഇതിന്റേ പേരില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും അത് പതുക്കെ അവസാനിച്ചോളുമെന്നും കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും പിന്തുണ ഉള്ളിടത്തോളം താന്‍ മേയര്‍ സ്ഥാനത്ത് തുടരുമെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.