രണ്ടുവര്‍ഷത്തിനിടെ നഗരസഭയില്‍ നടന്ന താത്കാലിക നിയമനങ്ങള്‍ പരിശോധിക്കണം; മേയര്‍ക്ക് എതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ വിവാദ കത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷത്തിനിടെ തിരുവനന്തപുരം നഗരസഭയില്‍ നടന്ന മുഴുവന്‍ താല്‍ക്കാലിക നിയമനങ്ങളും പരിശോധിക്കണമെന്ന് പരാതി. നഗര സഭയിലെ മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറാണ് മേയര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.

ഒന്നാം തീയതിയാണ് മേയര്‍ ഈ കത്ത് എഴുതിയിരിക്കുന്നത്. നവംബര്‍ 16 വരെയാണ് ജോലിക്ക് അപേക്ഷിക്കാനുള്ള തീയതി. ഈ ഒഴിവുകളുടെ വിജ്ഞാപനം ഇറക്കിയപ്പോള്‍ കേവലം 116 പേര്‍ മാത്രമാണ് അപേക്ഷിച്ചത്. 295 ഒഴിവുകളാണുളളത്. സ്വീപ്പര്‍ മുതല്‍ ഡോക്ടര്‍മാരെ വരെ നിയമിക്കാനുള്ള ഒഴിവുകളാണ് വിജ്ഞാപനത്തിലുണ്ടായിരുന്നത്. എന്നാല്‍ മതിയായ ആളെ കിട്ടാത്തത് കൊണ്ട് വിജ്ഞാപനം വീണ്ടും ഇറക്കേണ്ടി വന്നു.

ഇതിന് പിന്നാലെയാണ് ഒന്നാം തീയതി മേയര്‍ ഇപ്പോള്‍ പുറത്ത് കത്ത് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ചത്. പതിനാറം തീയതിക്കുള്ളില്‍ സി പി എം അനുഭാവികളായവരെ തിരഞ്ഞെടുത്ത് നിയമിക്കാന്‍ വേണ്ടിയാണ് മേയര്‍ ഈ കത്ത് നല്‍കിയതെന്നാണ് ആരോപണം. അല്ലങ്കില്‍ ഈ കത്ത് ജില്ലാ സെക്രട്ടറിക്ക്് അയക്കേണ്ട കാര്യമില്ലന്നും പറയുന്നു.

താത്ക്കാലിക തസ്തികകളിലേക്ക് ആണ് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടികയാവശ്യപ്പെട്ടുളള മേയറുടെ ഔദ്യോഗിക കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.

കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്.

കത്തിനെ കുറിച്ചുളള എല്ലാ ചോദ്യത്തിനും അറിയില്ല എന്ന മറുപടിയായിരുന്നു ആനാവൂര്‍ നാഗപ്പന്‍ നല്‍കിയത്. ‘അങ്ങനെയൊരു കത്ത് എന്റെ കയ്യില്‍ കിട്ടിയിട്ടില്ല. അങ്ങനെയൊരു കത്തുളള കാര്യം എനിക്ക് അറിഞ്ഞുകൂടാ. അങ്ങനെയൊരു കത്ത് എഴുതാന്‍ മേയര്‍ക്ക് കഴിയില്ല. എന്താണ് സംഭവമെന്നത് അറിയില്ല. കത്ത് എന്തായാലും ഉളളതായി കരുതുന്നില്ല. സംഭവത്തിന് പിന്നില്‍ എന്താണുളളതെന്ന് അന്വേഷിക്കും.’

‘ഇങ്ങനെയൊരു കത്ത് എഴുതാന്‍ പാടില്ല. ഇതുവരെ ആ കത്ത് എഴുതിയിട്ടുമില്ല. മേയര്‍ എഴുതിയതായി കരുതുന്നില്ല. അവരോട് സംസാരിച്ചിട്ടേ പറയാന്‍ സാധിക്കുകയൊളളു. അപേക്ഷിക്കുന്നവര്‍ ആരാണെന്ന് പോലും അറിയില്ല. അപേക്ഷ കൊടുക്കുന്നതിന് തിരിമറിക്കേണ്ട കാര്യമില്ല. ഈ കത്ത് എങ്ങനെ എഴുതി എന്ന് അറിയില്ല. അങ്ങനെയൊരു കത്ത് വരാനിടയില്ല,’ എന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.