അരൂർ അങ്കത്തിൽ പൂഴിക്കടകനായി വികസനം

പോളിംഗ് ബൂത്തിലേക്കുള്ള ദിവസം അടുക്കുന്തോറും അരൂരിൽ കടുത്ത പോര്. നിലനിർത്താൻ എൽ ഡി എഫും തിരിച്ചു പിടിച്ചേ മതിയാവൂ എന്ന വാശിയിൽ യു ഡി എഫും കൊമ്പു കോർക്കുമ്പോൾ പ്രവർത്തകരുടെ ആവേശത്തിന് അറുതിയില്ല. എൽ ഡി എഫിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമായ മണ്ഡലം അരൂരാണ്. കാരണം അഞ്ചിൽ ലെഫ്റ്റിൻറെ ഏക സിറ്റിംഗ് സീറ്റ് ഇതാണ്. മാത്രവുമല്ല, കഴിഞ്ഞ മൂന്ന് തവണ തുടർച്ചയായി ഇടതുകോട്ടയായി നിലകൊണ്ട മണ്ഡലം കൈവിട്ടുള്ള ഒരു കളിക്കും സി പി ഐ എമ്മിന് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ ലീഡ് നേടാൻ കഴിഞ്ഞുവെന്നതാണ് കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്ന മുഖ്യഘടകം.

ആരോപണ – പ്രത്യാരോപണങ്ങൾ ഏറെ ഉയർന്നു കേട്ട അരൂരിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം വികസനമാണ്. മൂന്ന് തവണ എം എൽ എ ആയിരുന്നിട്ടും എ. എം ആരിഫിന് മണ്ഡലത്തിന്റെ വികസനത്തിന് കാര്യമായ ഒരു സംഭാവനയും നൽകാൻ കഴിഞ്ഞില്ലെന്ന വിമർശനം ജനങ്ങൾ ഏറ്റെടുക്കുന്ന സ്ഥിതിയുണ്ട്. മണ്ഡലത്തിൽ വിവിധ ചാനലുകൾ നടത്തിയ പരിപാടികളിലെല്ലാം ജനങ്ങൾ ഉന്നയിച്ചത് വികസന പ്രശ്നങ്ങളാണെന്നത് ശ്രദ്ധേയമാണ്. അന്ധകാരനഴി മേഖലയിലെ, വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തീകരിക്കാൻ കഴിയാത്ത പാലങ്ങളുടെയും റോഡുകളുടെയും കാര്യമാണ് ഇവിടെ ജനങ്ങൾ പൊതുവിൽ ഉന്നയിക്കുന്നത്. 12 വർഷം പണിതിട്ടും തീരാത്ത ഒരു പാലം ഇവിടെയുണ്ട്. ഇലക്ഷൻ പാലം എന്നാണ് ഇപ്പോൾ ഇതിന് വിളിപ്പേര് വീണിരിക്കുന്നത്. ഇത്തരം വിഷയങ്ങൾ ഉന്നയിച്ച് ഷാനിമോൾ ഉസ്മാൻ കത്തിക്കയറുമ്പോൾ ഇടതുമുന്നണി പലപ്പോഴും പ്രതിരോധത്തിലാവുന്നു.

ആലപ്പുഴ ജില്ലയിലെ ഏറെ പിന്നോക്കം നിൽക്കുന്ന ഒരു മണ്ഡലമാണ് അരൂർ. കൊച്ചി നഗരവുമായുള്ള സാമീപ്യം വലിയ സാദ്ധ്യതയാണെങ്കിലും അതൊന്നും നേട്ടമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. യു പി എ സർക്കാർ പ്രഖ്യാപിച്ച ടൌൺ ഓഫ് എക്‌സലൻസ് പദ്ധതിയിൽ അരൂർ ഇടം പിടിച്ചുവെങ്കിലും തുടർ നടപടികളിലെ അലംഭാവം പദ്ധതി നഷ്ടപ്പെടുത്തുന്ന വിധത്തിലേക്ക് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചു.

സ്ഥാനാർത്ഥികളുടെ വാഹന പര്യടനത്തിലും പ്രചാരണത്തിന്റെ കുന്തമുന വികസനമാണ്. വികസനം മരവിച്ച പ്രദേശമായി ആരിഫ് മണ്ഡലത്തെ മാറ്റി എന്ന വിമർശനമാണ് യു ഡി എഫ് മുന്നോട്ട് വെയ്ക്കുന്നത്. വികസനത്തിനായി ഒരു മാറ്റം എന്നാണ് യു ഡി എഫ് വോട്ടർമാർക്ക് മുന്നിൽ വെയ്ക്കുന്ന പ്രധാന മുദ്രാവാക്യം. എന്നാൽ പല പദ്ധതികൾക്കും തുക അനുവദിച്ചിട്ടുണ്ടെന്നും നടപ്പാക്കി വരികയാണെന്നുമാണ് എൽ ഡി എഫിന്റെ മറുപടി. തീരദേശ പാതയുടെ സ്ഥിതിയെ കുറിച്ചുള്ള വിമർശനങ്ങളും മണ്ഡലത്തിൽ ശക്തമായി ഉയരുന്നുണ്ട്.