അരിക്കൊമ്പൻ തിരികെ വന്നാലും ഇല്ലെങ്കിലും ചിന്നക്കനാലിൽ ഇനി റേഷൻ മുടങ്ങില്ല; അരിക്കൊമ്പൻ കലിപ്പു തീർത്തിരുന്ന റേഷൻ കട പുതുക്കിപ്പണിതു

അരിക്കൊമ്പനെ കാടു കടത്തി ആറുമാസം ആകുമ്പോൾ ചിന്നക്കനാലിൽ ജനങ്ങൾക്ക് മറ്റൊരു ആശ്വാസ വാർത്ത എത്തുകയാണ്. അരിക്കൊമ്പന്‍റെ ആക്രമണത്തിൽ തകർന്ന റേഷൻ കട ഇപ്പോൾ പുനർനിർമിച്ചിരിക്കുകയാണ്. കഴിഞ്ഞ് ഒരു വർഷത്തിനിടെ 11 തവണയാണ് അരിക്കൊമ്പൻ പന്നിയാർ തോട്ടം മേഖലയിൽ സ്ഥിതി ചെയ്തിരുന്ന റേഷൻ കട ആക്രമിച്ചത്.

ശല്യം സഹിക്കവയ്യാതെ അരിക്കൊമ്പനെ കാടുകടത്തുന്നതിന് തൊട്ടു മുൻ‌പുള്ള മാസവും ഇവിടെ ആക്രമണം നടന്നിരുന്നു. റേഷൻ വിതരണം പോലും സ്ഥിരമായി മുടങ്ങുന്ന സാഹചര്യം ഉണ്ടായി. ഇതോടെ പുതിയ കെട്ടിടം നിർമിക്കാൻ മന്ത്രിയുടെയും കലക്ടറുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തില്‍ ആണ് തീരുമാനമുണ്ടായത്.

ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു നിർദേശം എങ്കിലും അരിക്കൊമ്പനെ കാട് കടത്തി ആറു മാസങ്ങൾക്ക് ശേഷമാണ് കട പ്രവർത്തന സജ്ജമായത്. കടയുടെ ഉത്ഘാടനം ശാന്തൻപാറ പഞ്ചായത്ത്‌ പ്രസിഡന്റ് ലിജു വര്‍ഗീസ് നിർവ്വഹിച്ചു.ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു അരിക്കൊമ്പൻ.

വീടുകൾക്കും കടകൾക്കും നേരെ ആക്രമണം നടത്തുന്നത് അരിക്കൊമ്പന്‍റെ പതിവായിരുന്നു. ഇപ്പോൾ തമിഴ്നാട് വനാതിർത്തിക്കുള്ളിലാണ് അരിക്കൊമ്പനുള്ളത്. അരിക്കൊമ്പൻ തിരിച്ചുവന്നാലും ഇല്ലെങ്കിലും പുതിയ കെട്ടിടം നിര്‍മിച്ചതോടെ ഇനി റേഷൻ വിതരണം മുടങ്ങില്ല എന്ന ആശ്വാസത്തിലാണ് തോട്ടം തൊഴിലാളികൾ.