ഗവര്‍ണര്‍ക്ക് 'എട്ടിന്റെ പണിയൊരുക്കി' പിണറായി; പറഞ്ഞതൊക്കെ ആരിഫ് മുഹമ്മദ് ഖാന് മാറ്റി പറയേണ്ടി വരും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള വിമര്‍ശനങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തി ഗവര്‍ണറെ കൊണ്ട് വായിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിലുള്ള വിമര്‍ശനങ്ങള്‍ക്ക് പുറമേ കേന്ദ്രം കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന വിമര്‍ശനവും നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തും.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന് ഗവര്‍ണര്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ വാദം ഖണ്ഡിക്കാനായി ക്രമസമാധാന നില ഭദ്രമെന്ന് കണക്കുകള്‍ നിരത്തി വ്യക്തമാക്കും. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭ അംഗീകാരം നല്‍കും. 25ന് ആണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്.

പുതിയ വര്‍ഷത്തെ നിയമസഭ സമ്മേളനം ആരംഭിക്കേണ്ടത് സര്‍ക്കാരിന്റെ നയപ്രസംഗം ആരംഭിച്ചുകൊണ്ടാണ്. ഭരണഘടന അനുസരിച്ച് നയപ്രഖ്യാപനം നടത്തേണ്ടത് ഗവര്‍ണറാണ്. എന്നാല്‍ ഗവര്‍ണര്‍ക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിക്കുമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന് സംശയമുണ്ട്.

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുത്തല്‍ ആവശ്യപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. എന്നാല്‍ തയ്യാറാക്കിയ പ്രസംഗത്തിലുള്ള ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാതിരുന്നാലും അത് വായിച്ചതായി നിയമസഭ രേഖകളില്‍ രേഖപ്പെടുത്തും.