മുനമ്പം വിഷയത്തില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു തങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉറപ്പുനല്‍കിയതായി വരാപ്പുഴ ആര്‍ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. മുനമ്പം ഇനി ആവര്‍ത്തിക്കില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. മുനമ്പം വിഷയത്തില്‍ സംസാരിക്കാനാണ് താനെത്തിയതെന്ന് മന്ത്രി ആദ്യമേ അറിയിക്കുകയായിരുന്നു.
മുനമ്പത്തെ ജനങ്ങള്‍ക്ക് ധൈര്യം നല്‍കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുമാണ് താനെത്തിയത്. സൗഹാര്‍ദപരമായ സംഭാഷണമായിരുന്നു. സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിച്ച മന്ത്രിക്കുമുന്നില്‍ ആശങ്കകള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് താന്‍ നല്‍കിയ കുറിപ്പില്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് പറഞ്ഞു. ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ചും മന്ത്രിയോട് സൂചിപ്പിച്ചു. ആംഗ്ലോ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പറഞ്ഞതായി ജോസഫ് കളത്തിപ്പറമ്പില്‍ അറിയിച്ചു.
അതേസമയം, മുനമ്പത്തെ ബിജെപി ആര്‍ എസ് എസ് നാടകം പൊളിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ കാര്യമാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും ഇപ്പോള്‍ പറയുന്നതെന്നും മുനമ്പത്ത് മുതലെടുപ്പിന് ശ്രമിച്ചവര്‍ പരാജയപ്പെട്ടുവെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
മുസ്ലിം, ക്രിസ്ത്യന്‍ വിരുദ്ധത ആര്‍എസ്എസിന് മറച്ചുവെക്കാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം നാലമ്പല പ്രവേശന വിവാദത്തില്‍ നവോത്ഥാനത്തിന്റെ മാറ്റങ്ങള്‍ ഇനിയും വരേണ്ടതുണ്ടെന്നായിരുന്നു സിപിഎം നേതാവിന്റെ പ്രതികരണമെന്നും പുതിയ കാലത്തും അത് വന്നുകൊണ്ടിരിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
Read more
പശ്ചിമ ബംഗാള്‍ കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ സിപിഎമ്മുകാരാണെന്നും വി ഡി സതീശന്‍ കാര്യമറിയാതെ സംസാരിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.