എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേട്; കുഞ്ഞാലിക്കുട്ടിയും കെ.ടി ജലീലും രഹസ്യചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പാക്കി, ആരോപണവുമായി മുന്‍ എം.എസ്.എഫ് നേതാക്കള്‍

മലപ്പുറത്തെ എആര്‍നഗര്‍ ബാങ്ക് ക്രമക്കേട് വിഷയത്തില്‍ മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ എംഎസ്എഫ് നേതാക്കള്‍. ബാങ്ക് ക്രമക്കേടിലെ ആരോപണങ്ങള്‍ ഒതുക്കി തീര്‍ക്കുന്നതിനായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും കെ ടി ജലീലും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന് എംഎസ്എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരും, സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന കെഎം ഫവാസുമുള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞു.

രഹസ്യ കൂടിക്കാഴ്ചയിലൂടെയാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്.  കെ ടി ജലീലിന്റെ കയ്യില്‍ മാത്രമാണ് എആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടിനെക്കുറിച്ച് വിവരാവകാശ പ്രകാരമുളള രേഖയുളളത്. ഇരു നേതാക്കളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് രേഖയിലുളള കാര്യങ്ങള്‍ പുറത്തുവിടാത്തത് എന്നും മുന്‍ എംഎസ്എഫ് നേതാക്കള്‍  ആരോപിച്ചു. നേതൃത്വത്തിന്റെ അറിവോടെ നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടത് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമാണെന്നും അവര്‍  കൂട്ടിച്ചേര്‍ത്തു.

ചന്ദ്രിക,എആര്‍ നഗര്‍ ബാങ്ക് ക്രമക്കേട് തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് നേതൃത്വം നടത്തിയ രഹസ്യചര്‍ച്ചകള്‍ ചോര്‍ത്തി പുറത്തുവിട്ടത് പിഎംഎ സലാമാണ്. സംഘടനയില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് പൊന്നാനിയില്‍ ലോക്‌സഭാ സീറ്റ് നേടിയെടുക്കുകയാണ് പിഎംഎ സലാമിന്റെ ലക്ഷ്യമെന്നും മുന്‍ എംഎസ്എഫ് നേതാക്കള്‍ ആരോപിച്ചു.

ഹരിത വിഷയത്തില്‍ ആരോപണ വിധേയനായ എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസിനെ വിമര്‍ശിക്കുന്ന മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റെ ശബ്ദസംഭാഷണം ആത്മവിശ്വാസം നല്‍കുന്നതാണെന്നും എംഎസ്എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് മറയൂര്‍ പറഞ്ഞു. തങ്ങളുടെ ആരോപണം സത്യമാണെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു. പിഎംഎ സലാമിന്റേത് വഞ്ചനാപരമായ പ്രതികരണമാണ് അദ്ദേഹം ജനാധിപത്യ വിരുദ്ധമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും ലത്തീഫ് മറയൂര്‍ പറഞ്ഞു.