വനിതാ കമ്മീഷന് നേരെ മുളകുപൊടി പ്രയോഗം; വയോധിക കസ്റ്റഡിയില്‍

തൃശൂരില്‍ വനിതാ കമ്മീഷന്‍ സിറ്റിംഗിന് ഇടയില്‍ മുളകുപൊടിയേറിഞ്ഞ് വയോധിക. ടൗണ്‍ഹാളില്‍ കമ്മീഷന്‍ അംഗങ്ങള്‍ ഇരുന്ന വേദിയിലേക്കാണ് മുളകുപൊടി എറിഞ്ഞത്. സംഭവത്തില്‍ മുളങ്കുന്നത്തുകാവ് സ്വദേശിയായ എഴുപതുകാരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഭര്‍ത്താവ് മരിച്ചത് ചികിത്സാപിഴവ് മൂലമാണ് എന്നാരോപിച്ച് വയോധിക നേരത്തെ വനിത കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി കമ്മീഷന്‍ പരിഗണിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കമ്മീഷന് നേരെ മുളകുപൊടി എറിഞ്ഞത്.

തൃശൂര്‍ ടൗണ്‍ഹാളില്‍ വനിത കമ്മീഷന്‍ സിറ്റിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. വയോധിക വേദിയില്‍ കയറി മുളകുപൊടി വിതറുകയായിരുന്നു. ഫാന്‍ ഇട്ടിട്ടുണ്ടായിരുന്നതിനാല്‍ ഹാളില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും കണ്ണിലും ദേഹത്തും മുളകുപൊടി വീണു. സാഹചര്യം വഷളായതിനെ തുടര്‍ന്ന പൊലീസെത്തി വയോധികയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.