ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി മാറ്റിയെന്ന് വിജിലന്‍സ്; അന്വേഷിക്കണമെന്ന് ഹൈക്കോടതി

പാലാരിവട്ടം മേല്‍പ്പാലമടക്കം സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ലഭിച്ച കോഴപ്പണം മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞും പൊതുമരാമത്ത് മുന്‍സെക്രട്ടറി ടി ഒ സൂരജും ഒരു സ്വകാര്യ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന ആരോപണം അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി ഉത്തരവിട്ടു.  ഇബ്രാഹിംകുഞ്ഞിനെതിരായ ആരോപണം അന്വേഷിക്കുമെന്ന് വിജിലന്‍സും ഹൈക്കോടതിയെ അറിയിച്ചു.

അഴിമതി പണം വെളുപ്പിക്കാൻ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന് കാണിച്ചുള്ള ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് വിജിലന്‍സിന്‍റെ വിശദീകരണം. പത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്കായി 10 കോടിയിലേറെ രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്.

പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയിൽ നിന്നും ലഭിച്ച തുക പണം വെളുപ്പിക്കുന്നതിനായാണ് ഇത്തരത്തില്‍ പണം നിക്ഷേപിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. പാലാരിവട്ടം പാലം അഴിമതി അന്വേഷണ പരിധിയില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.